തിരുവനന്തപുരം: വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന 'മാനിഷാദ' ജനകീയ കൂട്ടായ്മയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 4ന് പാലക്കാട് കോട്ടമൈതാനത്ത് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഉപവാസം നടത്തുമെന്ന് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണഗോപാൽ ഉപവാസം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ന് മുല്ലപ്പള്ളി വാളയാറിലെത്തി പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിക്കും. നവംബർ 5ന് സെക്രട്ടേറിയ​റ്റിന് മുന്നിൽ ജനകീയ കൂട്ടായ്മയും മ​റ്റിടങ്ങളിൽ ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ ജനകീയ മുന്നേ​റ്റ സംഗമങ്ങളും സംഘടിപ്പിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (തിരുവനന്തപുരം), കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ (കൊല്ലം), ജോസഫ് വാഴയ്ക്കൻ (ആലപ്പുഴ), ആന്റോ ആന്റണി എം.പി (പത്തനംതിട്ട), ഡീൻ കുര്യാക്കോസ് എം.പി (ഇടുക്കി), തമ്പാനൂർ രവി (കോട്ടയം), ബെന്നി ബഹനാൻ എം.പി (എറണാകുളം), ശൂരനാട് രാജശേഖരൻ (തൃശൂർ), ആര്യാടൻ മുഹമ്മദ് (മലപ്പുറം), എം.കെ. രാഘവൻ എം.പി (കോഴിക്കോട്), കെ.പി. കുഞ്ഞിക്കണ്ണൻ (വയനാട്), കെ. സുധാകരൻ എം.പി (കണ്ണൂർ), രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി (കാസർകോട്) എന്നിവർ ജനകീയ മുന്നേ​റ്റ സംഗമങ്ങൾ ഉദ്ഘാടനം ചെയ്യും.