grama

ചിറയിൻകീഴ്: ബീഹാർ സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ നവീൻകുമാറിന്റെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മിഷൻ അംഗങ്ങളടങ്ങിയ സംഘം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചും കേരളത്തിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ നേടിയ പുരോഗതി വിലയിരുത്തുന്നതിനുമായാണ് സംഘം കേരളത്തിലെത്തിയത്. ഗ്രാമപഞ്ചായത്തിന്റെ വരുമാനങ്ങൾ, ചുമതലകൾ, നേരിടുന്ന വെല്ലുവിളികൾ, പദ്ധതി ആസൂത്രണം, തനതുഫണ്ട് തുടങ്ങി വിവിധ വിഷയങ്ങൾ പഞ്ചായത്തുമായി ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീനയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരും സംഘാഗംങ്ങളെ സ്വീകരിച്ചു. ചടങ്ങിൽ ചിറയിൻകീഴിന്റെ നിത്യ ഹരിതനായകൻ പ്രേംനസീറിന്റെ ജീവചരിത്രം പഞ്ചായത്തിന്റെ സ്‌നേഹോപഹാരമായി സമ്മാനിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ നടത്തുന്ന നൂതന ഹൈഡ്രോപോണിക്ക് മീൻ വളർത്തൽ കേന്ദ്രം, പെരുമാതുറ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.