മലയിൻകീഴ്: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റർ ക്ലാസ് മുറിയിൽ പതിച്ചതിന് വിളവൂർക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ സസ്പെന്റ് ചെയ്തു. പ്ലസ് ടു വിദ്യാർത്ഥികളായ സൂര്യനാരായണൻ, ആദിത്യസുനിൽ, പ്രണവ് എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്. സൂര്യനാരായണൻ വരച്ച കൈയ്ക്കുള്ളിൽ പെൺകുട്ടി നെരിഞ്ഞ് അമരുന്നതിന്റെ കാർട്ടൂണാണ് ഇവർ ക്ലാസ് മുറിയുടെ ചുവരിൽ ' ജസ്റ്റിസ് ഫോർ വാളയാർ സിസ്റ്റേഴ്സ് ' എന്ന തലക്കെട്ടിൽ ഒട്ടിച്ചത്. ' ചേർത്ത് പിടിക്കേണ്ടവർ കയറി പിടിക്കുമ്പോൾ, നേര് കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ, വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ, മകളേ നിനക്ക് നീ മാത്രം ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. അദ്ധ്യാപികയുടെ അനുമതി വാങ്ങിയില്ല, പോസ്റ്റർ പതിക്കരുതെന്ന് വിലക്കിയിട്ടും അനുസരിച്ചില്ല എന്നീ കുറ്റങ്ങളാണ് വിദ്യാർത്ഥിക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അദ്ധ്യാപകർ പറയുന്നത് അനുസരിക്കാതെ ക്ലാസ് മുറിയിൽ പോസ്റ്റർ ഒട്ടിച്ചത് തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും എഴുതിവാങ്ങിയ ശേഷമാണ് സസ്പെൻഷൻ മൂന്ന് ദിവസമായി ചുരുക്കിയതെന്ന് സൂര്യനാരായണന്റെ രക്ഷിതാക്കളോട് സ്കൂൾ അധികൃതർ പറഞ്ഞു. വിദ്യർത്ഥികളെ സസ്പെന്റ് ചെയ്ത സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
-------------------------------
പാഠ്യവിഷയങ്ങളല്ലാത്ത കാര്യങ്ങൾ സ്കൂളിലും ക്ലാസിലും എഴുതി ഒട്ടിക്കാൻ പാടില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. തെറ്റ് ആവർത്തിക്കാതിരിക്കുന്നതിനാണ് ചെറിയ ശിക്ഷ നൽകിയത്.
പ്രീത, പ്രിൻസിപ്പൽ, ഗവ. ഹയർസെക്കൻഡറി
സ്കൂൾ, വിളവൂർക്കൽ