ഏറെ കാത്തിരിപ്പിനു ശേഷം കെ.എ.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കേരള അഡ്മിനി സ്ട്രേറ്റീവ് പരീക്ഷയ്ക്കുള്ള പി.എസ്.സി. വിജ്ഞാപനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുറത്തിറങ്ങി. പരീക്ഷ നടത്തി ഒരു വർഷത്തിനകം നിയമനം നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
സിവിൽ സർവീസസ് പരീക്ഷ കഴിഞ്ഞാൽ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന മികച്ച പരീക്ഷയാണ് കെ.എ.എസ് . ആകർഷകമായ ശമ്പളം മികച്ച ജോലി, കൂടുതൽ ഉത്തരവാദിത്വം, സംസ്ഥാന വികസനത്തിലുള്ള ഉയർന്ന പങ്കാളിത്തം, പദ്ധതി നടത്തിപ്പ്, ഉയർന്ന പ്രൊമോഷൻ സാദ്ധ്യത തുടങ്ങി വരാനിരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് ഏറെ സവിശേഷതകളുണ്ട്. തുടക്കത്തിൽ തന്നെ ഒഴിവുകളും കൂടുതലുണ്ടാകും. ചിട്ടയായ പഠനത്തിലൂടെ ബിരുദധാരികൾക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെത്താം. അയൽ സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിലവിലുണ്ട്.
കെ.എ.എസ് വിജ്ഞാപനത്തെ രണ്ട് രീതിയിൽ കാണാം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കും കെ.എ.എസ് പരീക്ഷയ്ക്കും ഒരുമിച്ച് ശ്രമിക്കാം. കെ.എ.എസ് പരീക്ഷ സംസ്ഥാന സർവീസിലുള്ളവർക്ക് എഴുതാമെന്ന സവിശേഷതയുമുണ്ട് . പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് 29 വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പൊതുവിഭാഗം, ഗവ. സർവീസിൽ പ്രൊബേഷൻ പൂർത്തിയാക്കിയവർ, ഗസറ്റഡ് ഓഫീസർമാർ എന്നിവർക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന തരത്തിൽ മൂന്ന് വിഭാഗങ്ങളിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കാസി (കെ.എ.എസ് )നുള്ളത്. 21 വയസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് പൊതുവിഭാഗത്തിൽ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 32 വയസാണ്. സർക്കാർ സർവീസിൽ പ്രൊബേഷൻ പൂർത്തിയാക്കിയ 40 വയസിനുള്ളിലുള്ള ബിരുദധാരികൾക്ക് രണ്ടാം വിഭാഗത്തിലൂടെ കാസിന് അപേക്ഷിക്കാം.
50 വയസ്സിനകത്തുള്ള ഗസറ്റഡ് ഓഫീസർമാർക്ക് മൂന്നാമത്തെ വിഭാഗത്തിലൂടെ കാസിലെത്താം. മൂന്ന് വിഭാഗത്തിൽപ്പെട്ടവർക്കും പരീക്ഷയെഴുതണം. പ്രാഥമിക പരീക്ഷ, മെയിൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഓരോ വിഭാഗത്തിന് പ്രത്യേകം ക്വാട്ടയുള്ളതിനാൽ പ്രത്യേകമായി മൂന്ന് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കും.
പ്രാഥമികപരീക്ഷ യഥാർത്ഥത്തിൽ പ്രിലിമിനറിക്ക് സമാനമായ സ്ക്രീനിംഗ് ടെസ്റ്റാണ്. മൊത്തം 200 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. 100 മാർക്കിന്റെ രണ്ട് പേപ്പറുകളുണ്ടാകും. ഇവ ഒ.എം.ആർ രീതിയിൽ ഓബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയായിരിക്കും.
ആദ്യ പേപ്പറിൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറിൽ പൊതുവിജ്ഞാനവും 20 മാർക്കിന്റെ പ്രാദേശിക ഭാഷാ നൈപുണ്യം (മലയാളം/തമിഴ്/കന്നഡ) വിലയിരുത്തുന്ന ചോദ്യങ്ങളും 30 മാർക്കിന്റെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വിലയിരുത്തുന്ന ചോദ്യങ്ങളുമുണ്ടാകും. ഭാഷാ ന്യൂനപക്ഷ മേഖലയിലാണ് തമിഴും, കന്നടയും ഉൾപ്പെടുക. മൊത്തം 200 മാർക്കിലാണ് സ്ക്രീനിംഗ് ടെസ്റ്റ്. ഒന്നാം പേപ്പറിന് 90 മിനിറ്റും, രണ്ടാം പേപ്പറിന് 90 മിനിറ്റുമാണ് സമയം. മെയിൻ പരീക്ഷ വിവരണാത്മക രീതിയിലായിരിക്കും. രണ്ട് മണിക്കൂർ ദൈർഘ്യത്തിലുള്ള 100 മാർക്ക് വീതമുള്ള 3 പരീക്ഷകളുണ്ടാകും.
ഇന്റർവ്യൂവിന് 50 മാർക്കാണ്. മെയിൻ ഇന്റർവ്യൂ ഇവയുടെ മൊത്തം മാർക്കായ 350 ന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രാഥമിക പരീക്ഷ (സ്ക്രീനിംഗ് ടെസ്റ്റ്) യ്ക്ക് പ്രത്യേകം കട്ട് ഓഫ് മാർക്കുണ്ടായിരിക്കും. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ കട്ട് ഓഫ് മാർക്കിൽ കുറവ് വരുത്തിയുള്ള ഏകീകൃത രീതി നടപ്പിലാക്കും. ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണത്തോടൊപ്പം എല്ലാ സംവരണ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കും അർഹതാമാനദണ്ഡമനുസരിച്ച് സംവരണം കാസിൽ ഉറപ്പുവരുത്തും.
പ്രാഥമിക പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റ് മാത്രമായതിനാൽ മെയിൻ പരീക്ഷയ്ക്കുള്ള എലിജിബിലിറ്റി/യോഗ്യതയ്ക്കായി പ്രാഥമിക പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കണം. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, മലയാളം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം തയ്യാറെടുപ്പ് നടത്തണം.
പതിവായി പത്രം വായിക്കുന്നവർക്ക് പൊതുവിജ്ഞാനം എളുപ്പമായിരിക്കും. ഇന്ത്യൻ ഭരണഘടന, കേരള ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹിക വിഷയങ്ങൾ, പഞ്ചായത്ത് രാജ് സംവിധാനം, പൊതുഭരണം, പബ്ലിക് പോളിസി, ബഡ്ജറ്റ്, സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് ഗ്രാമർ മുതലായവയിൽ മികച്ച അറിവ് കൈവരിക്കാൻ ശ്രമിക്കണം.
സിലബസിനനുസരിച്ചുള്ള തയ്യാറെടുപ്പാണ് ഇനി ആവശ്യം. ബിരുദം അവസാന വർഷ വിദ്യാർത്ഥികൾക്കും തയ്യാറെടുക്കാം.
(തുടരും)