കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം പ്രതിസന്ധിയിൽ. അടുത്ത മാസം 4ന് ആദ്യ ഘട്ടം പൂർത്തിയാകേണ്ട പദ്ധതിയുടെ പ്രധാന നിർമ്മാണമായ ബ്രേക്ക് വാട്ടർ ഇരുപത് ശതമാനം പോലും പൂർത്തിയായിട്ടില്ല. കരാറനുസരിച്ച് പൂർത്തിയാകാത്ത പദ്ധതിയിൽ നഷ്ടപരിഹാര വ്യവസ്ഥ നടപ്പാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. പാറ ലഭിക്കാത്തതും സർക്കാർ നിരീക്ഷണം കുറഞ്ഞതുമാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് വിലയിരുത്തൽ. 2015 ഡിസംബർ 5 നാണ് വിഴിഞ്ഞ തുറമുഖപദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. 4 വർഷമായിരുന്നു കരാർ കാലാവധി. കരാർ കാലാവധിക്കു മുൻപ് ആയിരം ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. കരാർ കാലാവധി അവസാനിക്കാൻ ഏകദേശം ഒരു മാസം ബാക്കി നിൽക്കെ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. പ്രധാന നിർമ്മാണ പദ്ധതിയായ ബ്രേക്ക് വാട്ടർ 3.1 കിലോമീറ്റർ നിർമ്മിക്കണം. ഇതിൽ 550 മീറ്റർ മാത്രമേ പൂർത്തിയായുള്ളൂ. ഇതിൽ 150 മീറ്റർ ഓഖിയിൽ പൊളിഞ്ഞു. ബ്രേക്ക് വാട്ടർ നിർമ്മാണത്തിനാവശ്യമായ പാറ കിട്ടുന്നില്ലെന്നാണ് അദാനി പോർട്ട്സിന്റെ പരാതി. ക്വാറികൾക്ക് പ്രത്യേക അനുമതി നൽകിയെങ്കിലും പ്രവർത്തനം പൂർണമായി തുടങ്ങിയില്ല. കരാർ കാലയളവിൽ പൂർത്തിയായില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ കരാറിലുണ്ട്. എന്നാൽ ഇതിൽ ഇളവ് വേണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്.