തിരുവനന്തപുരം: മുഴുവൻ തുകയും അംഗങ്ങൾക്ക് തിരികെ ലഭിക്കുന്ന 'നീതി ചിട്ടി"യ്ക്ക് കെ.എസ്.എഫ്.ഇ മൂന്നു മാസത്തിനകം തുടക്കമിടും. അഞ്ചു ശതമാനം ഫോർമാൻ കമ്മിഷൻ ഒഴികെ മുഴുവൻ തുകയും അംഗങ്ങൾക്ക് ലഭിക്കും. അതായത്, ഒരു ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരുന്ന വ്യക്തിക്ക് 95,000 രൂപ ലഭിക്കും.

ലേലവും നറുക്കുമില്ലാത്ത ചിട്ടിയിൽ ഉഭയ സമ്മതപ്രകാരമാവും ചിട്ടി നൽകുക. ഇതിനുള്ള ഇടനിലക്കാരന്റെ ദൗത്യമാണ് കെ.എസ്.എഫ്.ഇയ്ക്ക്. പണം ഏറ്റവും ആവശ്യമുള്ളയാൾക്ക് മറ്റുള്ളവരുമായി ധാരണയുണ്ടാക്കി ചിട്ടി നൽകും. പ്രവാസികൾക്ക് കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാവാനുള്ള സ്പോൺസർ ചിട്ടികളും തുടങ്ങും. വിദേശ മലയാളികളുടെ കൂട്ടായ്മകളാണ് ലക്ഷ്യം. കൂട്ടായ്മയിലെ അംഗങ്ങളാവും ചിറ്റാളന്മാർ. അവർക്ക് നാട്ടിലെ ഏതെങ്കിലും ഒരു കിഫ്ബി പദ്ധതി സ്പോൺസർ ചെയ്യാം.

സ്പോൺസർ ചെയ്യുന്ന പ്രവാസി സംഘത്തിന്റെ പേര് പദ്ധതിയുടെ പ്രായോജകരായി ചേർക്കും. ചിട്ടി കിട്ടുന്ന മുറയ്ക്ക് അംഗങ്ങൾക്ക് ചിട്ടിപ്പണവും കിട്ടും. ചിട്ടിപ്പണം നൽകുന്നതുവരെയുള്ള കാലയളവിൽ തവണ അടയ്ക്കുന്ന തുക പലിശയില്ലാത്ത പണമായി (ഫ്ളോട്ട് ഫണ്ട്) കിഫ്ബിക്ക് ഉപയോഗിക്കാം.