sanju

കിളിമാനൂർ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം യുവാവിനെ വഴിയിൽ തടഞ്ഞുനിറുത്തി കുത്തിക്കൊലപ്പെടുത്തി. തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ ശശിയുടെ മകൻ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തിൽ ഷിബു (39) പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പറണ്ടക്കുഴി ശാസ്താംപൊയ്ക ആരോഗ്യ കേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. സഞ്ചുവിന്റെ നാട്ടുകാരും ഇറച്ചി വെട്ടുകാരുമായ ശാസ്താംപൊയ്കയിൽ കിഴക്കേ തോപ്പിൽ വിട്ടിൽ അൽ അമീൻ (37), ശാസ്താംപൊയ്കയിൽ കിഴക്കേ തോപ്പിൽ വീട്ടിൽ അൽ മുബീൻ (30), പുത്തേറ്റ്ക്കാട് ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് ജാസിം (27) എന്നിവർ ചേർന്നാണ് സഞ്ചുവിനെയും സുഹൃത്തിനെയും ആക്രമിച്ചതെന്നും ഇവർ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്ത് വരുന്നു.

പെയിന്റിംഗ് തൊഴിലാളിയായ സഞ്ചുവും ഷിബുവും നിലമേലുള്ള ബാറിൽ വച്ച് അക്രമികളെ കണ്ടുമുട്ടുകയും മുൻവൈരാഗ്യത്തിന്റെ പേരിൽ വഴക്കിടുകയുമായിരുന്നു. രണ്ട് വർഷം മുമ്പ് അക്രമികളുടെ സുഹൃത്തായ ഒരാളെ സഞ്ചു മർദ്ദിച്ചിരുന്നതാണ് പ്രശ്നകാരണം. ബാറിൽ നിന്ന് രാത്രി പത്തു മണിയോടെ സഞ്ചുവും ഷിബുവും വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ അക്രമികൾ ആട്ടോയിൽ പിന്തുടർന്നെത്തി തർക്കമായി. ഇതിനിടയിൽ സംഘത്തിലൊരാൾ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ സഞ്ചുവിനെ ആശുപത്രിയിൽ കൊണ്ടു പോകും വഴി മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഷിബുവിന് കുത്തേറ്റത്. സഞ്ചു അവിവാഹിതനാണ്.