sabarimala-women-entry

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്കിനുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഈ മാസം അഞ്ചിന് നടക്കും. രാവിലെ മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കും. ശബരിമലയിലേക്ക് ഏറ്റവുമധികം തീർത്ഥാടകർ എത്തുന്ന സംസ്ഥാനങ്ങളായ ആന്ധ്ര, തെലുങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാവും എത്തുക.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്ത് ഈ സംസ്ഥാനങ്ങളിൽ നിന്ന് കാര്യമായി തീർത്ഥാടകർ എത്തിയിരുന്നില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നവംബർ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ റിവ്യു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ദേവസ്വം, റവന്യു, വനം, പൊലീസ്,ജല അതോറിട്ടി, ആരോഗ്യം, ഗതാഗതം,ഭക്ഷ്യസുരക്ഷ വകുപ്പു മന്ത്രിമാരും വകുപ്പുതല മേധാവികളും യോഗത്തിൽ പങ്കെടുക്കും.രാവിലെ സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.