കിളിമാനൂർ: കേരളപ്പിറവി ദിനത്തിൽ യു.പി തലം മുതൽ ഹയർസെക്കൻഡറി തലം വരെ മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ നിർമ്മിച്ച് മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ മാതൃകയായി. 31 ക്ലാസ് മുറികളിലും ആധുനിക രീതിയിൽ ലൈബ്രറികൾ നിർമ്മിച്ചു. പി.ടി.എ ഫണ്ട് ഉപയോഗിച്ചാണ് ക്ലാസ് ലൈബ്രറികളുടെ നിർമ്മാണം പൂർത്തീകരിച്ചത്. വിദ്യാർത്ഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും പുസ്തക ശേഖരണം നടത്തി. എന്റെ ക്ലാസ് മുറി എന്റെ ഗ്രന്ഥശാല എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് പുസ്തകങ്ങൾ എത്തിച്ചത്. 4ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മടവൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പുസ്തകവണ്ടിയിലൂടെ സഞ്ചരിച്ച് പുസ്തക ശേഖരണം നടത്തും. പദ്ധതിയുടെ ഭാഗമായി അമ്മ വായന, പുസ്തക തൊട്ടിൽ, ജന്മദിനത്തിൽ ഒരു പുസ്തകം എന്നിവ ജൂൺ മാസം മുതൽ ആരംഭിച്ചിരുന്നു. ഹൈടെക് സ്കൂൾ ലൈബ്രറിയും നിലവിലുണ്ട്.
സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനവും കേരള പിറവി ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത നിർവഹിച്ചു. പഞ്ചായത്ത് അംഗം രമ്യ, ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻചാർജ് ജി. അനിൽകുമാർ. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബിജു എന്നിവർ പങ്കെടുത്തു.