വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ നിന്നു കെട്ടിടനികുതി കുടിശ്ശിക പിരിക്കാനെത്തിയ ജീവനക്കാരനെ ഉടമ മർദ്ദിച്ചതായി പരാതി. പഞ്ചായത്തിലെ ക്ളർക്ക് കോട്ടയം സ്വദേശി ശരത് ശശിക്കാണ് (26) മർദ്ദനമേറ്റത്. ഇന്നലെ പനച്ചമൂട് ജംഗ്ഷനു സമീപമുള്ള 132-ാം നമ്പർ കെട്ടിടത്തിന്റെ ഉടമയ്ക്ക് നികുതി കുടിശ്ശികയ്ക്കുള്ള നോട്ടീസ് നൽകാനാണ് ശരത് പോയത്. നോട്ടീസ് കൈപറ്റാത്തതിനെ തുടർന്ന് കെട്ടിടത്തിന്റെ ചുമരിൽ നോട്ടീസ് പതിക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായതെന്ന് പറയുന്നു. പരിക്കേറ്റ ശരത് വെള്ളറട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വെള്ളറട പൊലീസിൽ പരാതിനൽകിയതിനെ തുടർന്ന് കെട്ടിട ഉടമ പനച്ചമൂട് സ്വദേശി ശക്തിധരനെതിരെ വെള്ളറട പൊലീസ് കേസെടുത്തു.