
നെടുമങ്ങാട് : നിർദ്ധന വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് നെടുമങ്ങാട് താലൂക്കിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി ദേശീയ ആദിവാസി സർവകലാശാലയ്ക്ക് പുനർജീവൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവകലാശാല മേഖലാ സെന്റർ പ്രവർത്തനം ആരംഭിക്കാൻ കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്തിയ ഹിയറിംഗിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു. 2010ൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറിയോട് ഇളവട്ടം വാടാമലക്കാവിൽ കാമ്പസ് തുടങ്ങാനാവശ്യമായ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ ഏക ട്രൈബൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ വിദ്യാലയം പ്രവർത്തിക്കുന്ന ഞാറനീലിയും കത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഒമ്പത് വർഷം പിന്നിടുമ്പോഴും പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മിഷന്റെ ഹിയറിംഗ് നടന്ന് ഏറെനാൾ കഴിഞ്ഞിട്ടും നടപടി കാര്യക്ഷമമാകുന്നില്ലെന്ന പരാതി വന്നതോടെയാണ് കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടത്.
യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ കത്തിലുള്ള പ്രധാന നിർദ്ദേശങ്ങൾ
കുറഞ്ഞത് 300 ഏക്കർ സ്ഥലമെങ്കിലും ലഭിക്കണം
സമീപത്ത് കൂടി ഏതെങ്കിലും ഹൈവേ കടന്നു പോകണം
വൈദ്യുതി, കുടിവെള്ള വിതരണ സംവിധാനങ്ങൾ ഉറപ്പാക്കണം
സാദ്ധ്യത - 1 ഇളവട്ടം വാടാമലക്കാവ്
നിലവിൽ പാലോട് വനം റേഞ്ചിലെ മാഞ്ചിയം പ്ലാന്റേഷനാണ് വാടാമലക്കാവ്. നീർപ്പാറ ഐ.എച്ച്.ഡി.പി കോളനിയും ചെമ്പൻകോട് ആദിവാസി സെറ്റിൽമെന്റും സമീപത്ത്. തെങ്കാശി അന്തർ സംസ്ഥാന ഹൈവേയിൽ നിന്നും മൂന്നര കിലോമീറ്റർ മാത്രം. 11 കെ.വി വൈദ്യുതി ലൈൻ ഇതുവഴി കടന്നു പോകുന്നുണ്ട്. ജലവിതരണ സംവിധാനത്തിന് പുറമേ ജലസ്രോതസുകളും നീരുറവകളും യഥേഷ്ടം.
സാദ്ധ്യത -2 ഞാറനീലി റസിഡൻഷ്യൽ സ്‌കൂൾ
വിവിധ ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ പാവപ്പെട്ട കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്കൂളിനോടനുബന്ധിച്ച് സർവകലാശാല സെന്റർ ആരംഭിച്ചാൽ അക്കാഡമിക് പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാവും. ആവശ്യത്തിന് സ്ഥലസൗകര്യവും മന്ദിരങ്ങളും സ്‌കൂൾ വളപ്പിനോട് ചേർന്ന് നിലവിലുണ്ട്. കാമ്പസ് വന്നാൽ വികസനമെത്താത്ത ആദിവാസി ഗ്രാമങ്ങളുടെ മുഖച്ഛായ മാറും.