c-raveendranath

തിരുവനന്തപുരം: സാമൂഹിക വികസനത്തിൽ ഭാഷയ്ക്ക് സുപ്രധാന പങ്കാണുള്ളതെന്നും മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിയണമെന്നും മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. സെക്രട്ടേറിയറ്റ് ഡർബാർഹാളിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി വി. എസ്. സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.

മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകൾക്ക് സാഹിത്യകാരൻമാരായ യു. എ. ഖാദർ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് പ്രസിദ്ധീകരണമായ സമകാലിക ജനപഥം ഭരണഭാഷാ പതിപ്പ്, മലയാളം എന്റെ അവകാശം എന്നിവയുടെ പ്രകാശനവും നടന്നു. ഈ വർഷത്തെ ഭരണഭാഷാ പുരസ്‌കാരങ്ങളും സമ്മാനിച്ചു.

റവന്യൂ വകുപ്പിന്

പുരസ്‌കാരം

റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനർഹമായി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ലാൻഡ് റവന്യു കമ്മീഷണർ സി. എ. ലത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മികച്ച ജില്ലയായ കണ്ണൂരിനുള്ള പുരസ്‌കാരം കളക്ടർ ടി. വി. സുഭാഷ് ഏറ്റുവാങ്ങി.
ഭരണഭാഷാ സേവന പുരസ്‌കാരം പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീവൃന്ദാ നായർ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി ഗീത. കെ, പത്തനംതിട്ട കളക്ടറേറ്റ് സീനിയർ ക്ലാർക്ക് അഭിലാഷ് ആർ, കണ്ണൂർ കളക്ടറേറ്റ് സീനിയർ ക്ലാർക്ക് രാമചന്ദ്രൻ അടുക്കാടൻ, പത്തനംതിട്ട കളക്ടറേറ്റ് സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് അഷറഫ് ഐ, കേരള സർവകലാശാല കമ്പ്യൂട്ടർ അസിസ്റ്റന്റ് , ഷീന പി.എസ് എന്നിവർക്ക് സമ്മാനിച്ചു.