കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിലെ സർക്കാരുകൾക്ക് അവയുടെ നയരൂപീകരണ ആലോചനകൾക്കപ്പുറം കൊണ്ടുപോകാൻ കഴിയാതിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉമ്മറപ്പടിയിലെത്തിയിരിക്കുന്നു. കെ.എ.എസിന്റെ ആദ്യ വിജ്ഞാപനം കേരളത്തിന്റെ 64-ാം പിറവി ആഘോഷവേളയിൽ ഉദ്യോഗാർത്ഥികൾക്കായി സമർപ്പിച്ചിരിക്കുകയാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ. പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
കേരള സംസ്ഥാനത്ത് ഭരണയന്ത്രത്തിന്റെ രണ്ടാംതലത്തിലുളള ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന കെ.എ.എസ് ഒരു പുതിയ കാൽവയ്പാണ്. കേരള സർക്കാരും, സുതാര്യതയും വേഗതയും കൈമുതലാക്കിയ കേരള പബ്ലിക് സർവീസ് കമ്മിഷനും കൈകോർത്തുകൊണ്ടാണ് കെ.എ.എസ്. എന്ന സർവീസ് വിഭാഗത്തെ ഗോചരമാക്കുന്നത്.
പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് കേരളം ആഗ്രഹിക്കുന്ന വേഗത്തിൽ ഇതിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കേരള പബ്ലിക് സർവീസ് കമ്മിഷൻ സജ്ജമായിരിക്കുന്നത്. സാധാരണ നിലയിൽ വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞ് പരീക്ഷാ പ്രോഗ്രാം തയ്യാറാക്കുമ്പോൾ മാത്രമാണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ കെ.എ.എസ്.ന്റെ പ്രാഥമിക പരീക്ഷയുടെ സിലബസ്, പരീക്ഷാസമയം (ഫെബ്രുവരി, 2020) എന്നിവ വിജ്ഞാപനത്തോടൊപ്പം തന്നെ നൽകി പരീക്ഷാർത്ഥികളെ സജ്ജമാക്കാൻ കമ്മിഷൻ തയ്യാറായിരിക്കുകയാണ്. സ്ക്രീനിങ് ടെസ്റ്റ് എന്ന രീതിയിലാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. പ്രാഥമിക പരീക്ഷയ്ക്കും ഫൈനൽ പരീക്ഷയ്ക്കും വേണ്ടി കമ്മിഷൻ തയ്യാറാക്കിയിട്ടുളള സിലബസ് എല്ലാതരം ബിരുദധാരികൾക്കും അഭിമുഖീകരിക്കാൻ കഴിയുന്നതരത്തിൽ സമസ്ത വിഷയങ്ങളെയും അടിസ്ഥാനപ്പെടുത്തി തുല്യനീതി നിലപാട് പുലർത്തുന്നവയാണ്. ഇംഗ്ലീഷിനൊപ്പം ഭരണഭാഷയും കെ.എ.എസ്. പരീക്ഷാ സ്കീമിന്റെ അവിഭാജ്യ ഘടകമാണ്. ഭാഷാന്യൂനപക്ഷങ്ങൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ടാണ് പരീക്ഷാസ്കീം തയ്യാറാക്കിയിരിക്കുന്നത്.
ഉദ്യോഗാർത്ഥികളുടെ റാങ്ക് നിർണയിക്കുന്ന മുഖ്യപരീക്ഷ വിവരണാത്മക പരീക്ഷയാണ്. ഇതിന്റെ മൂല്യനിർണയം, വേഗത്തിലാക്കാനായി, കമ്പ്യൂട്ടർവത്കൃത ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലൂടെയാണ് നിർവഹിക്കുന്നത്. ഇതിനായി കഴിഞ്ഞ ഒരു വർഷമായി കമ്മിഷൻ തുടർച്ചയായ മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്. പരീക്ഷകളിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ഉന്നതമായ നിലവാരം പുലർത്തുന്നതിന് കമ്മിഷൻ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്. കെ.എ.എസിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും പരീക്ഷാ സംഘാടനത്തിലും ഇന്നേവരെ പ്രയോഗിക്കാത്ത നൂതനമായ രീതികളാണ് കമ്മിഷൻ അവലംബിക്കുന്നത്.
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ അടിസ്ഥാന ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് കെ.എ.എസിന് അപേക്ഷ സമർപ്പിക്കാം. മൂന്ന് സ്ട്രീമുകളിലായാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത്. അഖിലേന്ത്യാ സിവിൽ സർവീസിന്റെ നിലവാരത്തിലുളള കെ.എ.എസ് തിരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ വീഴ്ചവരുത്താതെ പൂർത്തീകരിക്കാനുളള ഉത്തരവാദിത്വം. ഉദ്യോഗാർത്ഥികളിലും നിക്ഷിപ്തമാണ്. ഒരു ഉദ്യോഗാർത്ഥിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുളള ക്രമക്കേടുണ്ടായാൽ അത് അവരുടെ ഭാവിയെ ബാധിക്കുന്നതിനു പുറമേ, മറ്റ് ഉദ്യോഗാർത്ഥികളെയും ഒപ്പം പി.എസ്.സിയുടെ യശസിനെപ്പോലും ബാധിക്കും. ഏതെങ്കിലും ഒരു ഉദ്യോഗാർത്ഥി പരീക്ഷയ്ക്കിടെ ക്രമക്കേട് നടത്തിയാൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും, രാജ്യത്ത് ഒരിടത്തുമുളള സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതരത്തിൽ ശക്തമായ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
കെ.എ.എസ്. നടപ്പിലാക്കുന്നതിനു വേണ്ടി കാലങ്ങളായി വിദ്യാസമ്പന്നരായ കേരളത്തിലെ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുകയായിരുന്നു. ഏതൊരു ഇന്ത്യാക്കാരനും അവർ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും അവിടെനിന്ന് കെ.എ.എസിന് അപേക്ഷിക്കാനും തുടർന്ന് തിരഞ്ഞെടുപ്പ് നടപടിയുടെ ഭാഗമാകാനും കഴിയും. ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുമ്പോൾ തെറ്റുകൾ കടന്നുകൂടാതിരിക്കാനും അപേക്ഷ സമർപ്പിക്കുന്ന പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നതിനും വേണ്ടി ഗൗരവമായി ശ്രദ്ധിക്കേണ്ട വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ലിങ്കുകൾ വിജ്ഞാപനത്തിൽത്തന്നെ നൽകിയിട്ടുണ്ട്. ഇതുവരെയും പി.എസ്.സി യിൽ വൺടൈം രജിസ്ട്രേഷൻ നടത്താത്ത ഉദ്യോഗാർത്ഥികൾ, നിഷ്കർഷിച്ചിട്ടുളള രീതിയിൽ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് യോഗ്യതയ്ക്കനുസരിച്ച് ലഭ്യമായിട്ടുളള വിജ്ഞാപന ലിങ്കിലേക്ക് കടന്നുകൊണ്ട് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിലെ വ്യവസ്ഥകളും നിർദ്ദേശങ്ങളും ഗൗരവമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കുന്ന പ്രക്രിയയിലേക്ക് കടക്കാവൂ. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പരീക്ഷയ്ക്കുളള തയ്യാറെടുപ്പാണ് വേണ്ടത്. അതിനുവേണ്ടിയുളള വിശദമായ സിലബസ് വിജ്ഞാപനത്തോടൊപ്പം തന്നെ ലഭ്യമാക്കിയിട്ടുമുണ്ട്.
പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, നിയമന ശുപാർശ ലഭിക്കുന്നവരുടെ എണ്ണം, രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെയുളള പരീക്ഷാ നടത്തിപ്പ്, റാങ്ക് പട്ടിക പ്രസിദ്ധീകരണം തുടങ്ങിയവയിലെല്ലാം തന്നെ കേരള പബ്ലിക് സർവീസ് കമ്മിഷൻ രാജ്യത്തെ ഇതര പബ്ലിക് സർവീസ് കമ്മിഷനുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.
( ലേഖകൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനാണ് )