നെടുമങ്ങാട്: വേട്ടമ്പള്ളിയിൽ നടന്ന വയലോര സഞ്ചാരവും കർഷക സംഗമവും ആവേശമായി. കർഷകരെയും വയലോര നിവാസികളേയും വയലുടമകളേയും സംഘടിപ്പിച്ച് തൈക്കാവ് നടയിൽ നിന്നും വേട്ടമ്പള്ളി തലയ്ക്കൽ വരെയാണ് കൃഷിഭൂമി സഞ്ചാരം നടത്തിയത്. വേട്ടമ്പള്ളി ഏലായിലെ മുഖ്യവിളയായ വാഴയ്ക്ക് നിലവിലെ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയും വകുപ്പുതല പദ്ധതിയിൽ പെടുത്തിയും പരമാവധി ആനുകൂല്യം ഉറപ്പാക്കാൻ കർഷക സംഗമത്തിൽ തീരുമാനിച്ചു. പന്നി ശല്യത്തിന് സോളാർ വേലി, കർഷക കൂട്ടായ്മയിൽ നിർമ്മിക്കാനും ധാരണയായി. വിളകൾ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാനും പത്തേക്കറിലേറെ വരുന്ന തരിശ് ഭൂമിയിൽ കൃഷി ആരംഭിക്കാനും തീരുമാനമായി. കൃഷി ഓഫീസർ എസ്.ജയകുമാറാണ് വയലോര സഞ്ചാരത്തിനും കർഷക സംഗമത്തിനും നേതൃത്വം നൽകിയത്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്‌ഘാടനം ചെയ്തു. വേങ്കവിള സജി, ദിവ്യ, മിനി, സതികുമാർ, തൊഴിലുറപ്പ് എൻജിനീയർ ആർഷാ സത്യൻ, ഓവർസിയർ അമൽ എസ്.നായർ, കൃഷി അസ്സിസ്റ്റന്റുമാരായ രാജി , ആനന്ദ് ,ചിത്ര തുടങ്ങിയവർ പങ്കെടുത്തു.