തിരുവനന്തപുരം: ജോസ് കെ. മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞുള്ള കട്ടപ്പന കോടതി വിധി പൂർണമായും തങ്ങൾക്കനുകൂലമെന്ന് കേരള കോൺഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറിച്ചുള്ള ജോസ് പക്ഷത്തിന്റെ അവകാശവാദത്തിൽ കഴമ്പില്ല. സത്യത്തെ വളച്ചൊടിക്കാനാണ് ജോസിന്റെ ശ്രമം.

ജോസിനെ തിരഞ്ഞെടുത്ത നടപടി ഭരണഘടനാപരമല്ലാത്തതിനാൽ ചെയർമാനെന്ന നിലയിൽ അദ്ദേഹം പ്രവർത്തിക്കരുതെന്ന് വിധിയിലൂടെ ഉറപ്പാക്കപ്പെട്ടിരിക്കുന്നു. ഈ വിധിയോടെ എതിർപക്ഷത്തെ കൂടുതൽ പേരും മടങ്ങിവരും.

ചെയർമാൻ മരിച്ചാലുണ്ടാകുന്നത് അഭാവമല്ല, ഒഴിവാണെന്നും പകരക്കാരന് എല്ലാ കാലവും തുടരാനാകില്ലെന്നും കോടതി പറഞ്ഞത് തനിക്കനുകൂലമാണെന്ന് ജോസ് അവകാശപ്പെടുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, ചെയർമാനാണെന്ന് താൻ അവകാശപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് അതിന് പ്രസക്തിയില്ലെന്നായിരുന്നു മറുപടി. സമവായത്തിലൂടെ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിനാണ് അവർ വിഘാതമുണ്ടാക്കിയത്.

കേരള കോൺഗ്രസ് -എം ഒറ്റ പാർട്ടിയേയുള്ളൂ. പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോയ ജോസിനെ ഇനി പുറത്താക്കേണ്ടതില്ല. അനുരഞ്ജനത്തിലൂടെ ചെയർമാനെ തീരുമാനിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് അനധികൃത യോഗം വിളിച്ച് ജോസ് ചെയർമാനായത്. ജനറൽ സെക്രട്ടറിയല്ലാത്ത ആൾ ആ പേരിൽ യോഗം വിളിച്ചതും വ്യാജ സീലും വ്യാജ ഒപ്പും സംബന്ധിച്ചും കേസ് നിലനിൽക്കുന്നുണ്ട്.

ജോസ് കെ. മാണിക്ക് ഇപ്പോൾ പാർട്ടിയിൽ സ്ഥാനമില്ലെന്ന് ഇന്നലെ രാവിലെ കോടതിവിധി വന്നയുടൻ ജോസഫ് പ്രതികരിച്ചു. ജോസും കൂട്ടരും തെറ്റ് തിരുത്തി വന്നാൽ സ്വീകരിക്കും. അവർക്കൊപ്പമുള്ള ധാരാളം പേർ മടങ്ങി വന്നുകൊണ്ടിരിക്കുന്നു. കെ.എം. മാണിയുടെ മരണത്തോടെ ഇല്ലാതായ ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് ചുമതല. ചിഹ്നം അനുവദിക്കാൻ ചെയർമാനേ അധികാരമുള്ളൂ. ഇക്കാര്യം പരിഗണിച്ചാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ കമ്മിഷൻ തീരുമാനമെടുത്തത്.