sm
എസ്.എം.വിജയാനന്ദ്

തിരുവനന്തപുരം: 'കേരളാ ഐ.എ.എസ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന ഭരണ സർവീസിൽ (കെ.എ.എസ്) പിന്നാക്ക,പട്ടിക വിഭാഗ സംവരണം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമം പൊളിച്ചത്. 'കേരളകൗമുദി'യാണ് .

മൂന്ന് തട്ടായി തിരിച്ച നിയമനങ്ങളിൽ പുതിയ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന ഒന്നാം സ്ട്രീമിൽ മാത്രമാണ് പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് സംവരണം ബാധകമാക്കിയിരുന്നത്. എല്ലാ വകുപ്പുകളിലെയും നോൺഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിൽ സംവരണം ഒഴിവാക്കിയിരുന്നു. സർവീസിലുള്ളവർ അപേക്ഷിക്കുന്ന രണ്ടും മൂന്നും സ്ട്രീമുകളിൽ അത് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഉന്നതഉദ്യോഗസ്ഥർ. ഐ. എ.എസ് പോലുള്ള ഉയർന്ന തസ്തികകളിൽ എത്താൻ സംവരണ വിഭാഗങ്ങൾക്ക് ഇതു തടസമാവുമെന്ന് 'കേരളകൗമുദി' ചൂണ്ടിക്കാട്ടി.

ചീഫ്സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് തയ്യാറാക്കിയ കരടുവിജ്ഞാപനത്തിൽ 100 തസ്തികകളിൽ സംവരണമുണ്ടായിരുന്നത് പിന്നീട് സ്ട്രീം-1ലെ 50 തസ്തികകളിലേക്ക് ചുരുക്കുകയായിരുന്നു. തസ്തികമാറ്റത്തിലൂടെ(ബൈട്രാൻസ്ഫർ) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്. ഇക്കാര്യം രേഖകൾ സഹിതം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതോടെ പിന്നാക്ക, പട്ടിക വിഭാഗ, ന്യൂനപക്ഷ , മുസ്ലിംസംഘടനകളും സി.പി.എം ആഭിമുഖ്യത്തിലുള്ള പട്ടികജാതി ക്ഷേമസമിതിയും പ്രക്ഷോഭരംഗത്തെത്തി. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അർഹതപ്പെട്ട സംവരണം നൽകണമെന്ന് ന്യൂനപക്ഷ കമ്മിഷനും പട്ടിജാതി, പട്ടിക ഗോത്രവർഗ്ഗ കമ്മിഷനും സർക്കാരിനോട് നിർദ്ദേശിച്ചു.

ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ പൊളിച്ച് 'കേരളകൗമുദി' തുടർച്ചയായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതോടെ സർക്കാർ പുന:പരിശോധന നടത്തുകയായിരുന്നു. കെ.എ.എസിന്റെ മൂന്ന് ശാഖകളിലെ നിയമനങ്ങളിലും സംവരണം ബാധകമാക്കുന്നതിനുള്ള ചട്ടങ്ങൾ നിയമസെക്രട്ടറിയായിരുന്ന ബി.ജി.ഹരീന്ദ്രനാഥ് ദ്രുതഗതിയിൽ ഭേദഗതിചെയ്തു. 2017 ഡിസംബർ 29ന് പുറപ്പെടുവിച്ച ചട്ടപ്രകാരം സ്ട്രീം-1ൽ മാത്രമാണ് സംവരണം ബാധകമാക്കിയിരുന്നത്. ബൈട്രാൻസ്‌ഫർ റിക്രൂട്ട്മെന്റ് എന്നതിന് പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്ന് സ്ട്രീമുകളിൽ സംവരണം ബാധകമാക്കിയത്. ചട്ടഭേദഗതി ജൂലായ്10ന് മന്ത്രിസഭ അംഗീകരിച്ചതോടെ സംവരണ നിഷേധം അടഞ്ഞ അദ്ധ്യായമായി.

''കെ.എ.എസ് എന്ന ഉന്നതഭരണ സർവീസിൽ പട്ടിക, പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള നീക്കം തകർത്തത് 'കേരളകൗമുദി'യാണ്. സംസ്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായി ഇത് മാറും''

-എസ്.എം.വിജയാനന്ദ്

മുൻചീഫ്സെക്രട്ടറി