തിരുവനന്തപുരം: കേരളത്തിലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്ന് തുടക്കം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ഓൺലൈനായേ സ്വീകരിക്കൂവെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള ആർ. രവീന്ദ്ര ദാസ് അറിയിച്ചു. അടുത്തമാസം എട്ടിന് പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.


ഇന്ന് മുതൽ ഈ മാസം 10 വരെയാണ് പുതിയ അംഗങ്ങളെ ചേർക്കാനുള്ള തീയതി. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെ അഭിമുഖം 11, 12 തീയതികളിൽ നടക്കും. സൂക്ഷ്മപരിശോധന 16 മുതൽ 20 വരെയാണ്. 16 മുതൽ 21 വരെ നാമനിർദ്ദേശപത്രികകൾ ഫയൽ ചെയ്യാം. എതിർപ്പുകൾ ഉണ്ടെങ്കിൽ 22ന് അറിയിക്കാം. 23ന് ചിഹ്നങ്ങൾ അനുവദിക്കും. ഡിസംബർ നാല് മുതൽ ഏഴ് വരെയാണ് വോട്ടെടുപ്പ്. 8നാണ് ഫലപ്രഖ്യാപനം.


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് എം.പിയായതോടെ, സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു. യൂത്ത് കോൺഗ്രസ് സജീവമല്ലാത്തത് പാർട്ടിയിൽ വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന രാഷ്ട്രീയകാര്യസമിതിയിലും ഇത് സജീവ ചർച്ചയായിരുന്നു.