തിരുവനന്തപുരം:എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷികൾക്കും അഭിപ്രായം പറയാമെങ്കിലും മാവോയിസ്റ്റ് പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് പറയുന്നത് ശരിയാണോയെന്ന് ആലോചിക്കണമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലിലാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
വെടിവയ്പ് ഉണ്ടായ സ്ഥലത്ത് പോയാൽ ഏറ്റുമുട്ടലിന്റെയും വെടിവയ്പിന്റയും കാര്യങ്ങൾ അറിയാൻ സാധിക്കുമോ? ആരുടെ ഭാഗത്തു നിന്നാണ് ആദ്യം ഏറ്റുമുട്ടൽ ഉണ്ടായതെന്ന് അവിടെ പോയാൽ അറിയാൻ പറ്റുമെന്ന് തോന്നുന്നില്ല. മാവോയിസ്റ്റുകളെ വെടിവച്ചത് അവർ ഭക്ഷണം കഴിക്കുമ്പോഴാണെന്നും സമീപത്ത് നിന്നാണെന്നുമൊക്കെ എങ്ങനെ അറിഞ്ഞുവെന്ന് തനിക്കറിയില്ല. അതൊക്കെ ആരിലോ നിന്നും പറഞ്ഞുകേട്ട അറിവ് മാത്രമാണ്. നേരിട്ടു കാണാതെ ആധികാരികമായി പറയാൻ തനിക്കു കഴിയില്ല.
മാവോയിസ്റ്റുകളെ വേട്ടയാടുകയെന്ന നയമോ സമീപനമോ സർക്കാറിനില്ല. പൊലീസിന്റെ പ്രവൃത്തിയിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. അതിനാണ് മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്.ആദിവാസി മേഖലയിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഒരു ആദിവാസിയും പറയില്ല. ഏതെങ്കിലും ആശയപ്രചരണത്തിന് എന്തെങ്കിലും നിയന്ത്രണം സി.പി.എമ്മിന്റേയോ എൽ.ഡി.എഫിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തീവ്ര മാവോ, നക്സൽ ചിന്ത വച്ചുപുലർത്തിയവരെ അക്രമിച്ചപ്പോൾ ശക്തമായി എതിർത്തത് സി.പി.എം ആണ്. വിരുദ്ധ ആശയം രൂപപ്പെടുത്തുന്നവരെയോ സംഘടനാ പ്രവർത്തകരെയോ വെടിവെച്ച് കൊല്ലുന്നതിനോട് യോജിക്കാനാവില്ലെന്നാണ് സി.പി.എം.നിലപാട് . ഛത്തീസ്ഗഡിൽ ശുക്ലയെ കൊന്നപ്പോഴത്തെ വികാരം പ്രതിപക്ഷനേതാവിന് ഇപ്പോഴും ഉണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.