തിരുവനന്തപുരം : വി.കെ. പ്രശാന്ത് എം.എൽ.എയായതിനെത്തുടർന്ന് പുതിയ മേയറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. വരണാധികാരിയായ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ മേൽനോട്ടത്തിൽ 12ന് രാവിലെ 11ന് തിരഞ്ഞെടുപ്പ് നടപടി തുടങ്ങും. വിജ്ഞാപനമായതോടെ മുന്നണികളുടെ ചർച്ചകൾ ഇന്നുമുതൽ സജീവമാകും. യു.ഡി.എഫ്, ബി.ജെ.പി മുന്നണികൾ അട്ടിമറി ലക്ഷ്യമിട്ട് പൊതുസമ്മതനെ രംഗത്തിറക്കാനുള്ള ശ്രമം പ്രശാന്ത് രാജിവച്ചതിന് പിന്നാലെ ആരംഭിച്ചെങ്കിലും സി.പി.എം ഇതുവരെ മനസുതുറന്നിട്ടില്ല. വിജ്ഞാപനം പുറത്തുവന്ന ശേഷം സ്ഥാനാർത്ഥി ചർച്ചപോലും മതിയെന്നായിരുന്നു ചൊവ്വാഴ്ച ചേർന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനം. വിജ്ഞാപനം പുറത്തുവന്നതോടെ ഉടൻ യോഗം ചേരുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിനെയും പുന്നയ്ക്കാമുകൾ കൗൺസിലർ ആർ.പി. ശിവജിയെയും പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം പൊതുസ്വതന്ത്രനെ പിന്താങ്ങണമെന്ന നിലപാടായിരുന്നു കോൺഗ്രസ് ആദ്യം സ്വീകരിച്ചത്. എന്നാൽ കെ.പി.സി.സി ഇടപെട്ട് വിഷയത്തിൽ ഇപ്പോൾ ചർച്ചവേണ്ടെന്ന് നിർദ്ദേശം നൽകിയിരുന്നു. പാർട്ടി നിർദ്ദേശം അനുസരിച്ച് നിലപാട് സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ വ്യക്തമാക്കി.
സി.പി.എമ്മിന് മേയർ സ്ഥാനം ലഭിക്കാതിരിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും തേടുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. മേയർ സ്ഥാനത്തേക്ക് യു.ഡി.എഫിന്റെ ഘടകകക്ഷി സ്ഥാനാർത്ഥികളിലാരെങ്കിലും രംഗത്തിറങ്ങിയാൽ അവരെയും ബി.ജെ.പി പിന്തുണച്ചേക്കും. എന്നാൽ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചാൽ ഒരു വർഷത്തിനകം വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടേക്കുമെന്ന് യു.ഡി.എഫ് ഭയക്കുന്നു. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ശ്രീകാര്യം കൗൺസിലർ ലതാകുമാരിക്ക് പിന്തുണ നൽകാമെന്നായിരുന്നു യു.ഡി.എഫിന്റെ നിലപാട്. ബി.ജെ.പിയും ഇതിനോട് യോജിച്ചു. എന്നാൽ സി.പി.എം അനുഭാവം പ്രകടിപ്പിക്കുന്ന ലതാകുമാരി വിസമ്മതിച്ചതോടെ സ്വതന്ത്രരെ കളത്തിലിറക്കാനുള്ള സാദ്ധ്യത മങ്ങി. അതിനാൽ എൽ.ഡി.എഫിനൊപ്പം ബി.ജെ.പിയും യു.ഡി.എഫും മത്സരരംഗത്തിറങ്ങി കരുത്ത് തെളിയിക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ ഇടത് സ്ഥാനാർത്ഥി വിജയിക്കും.