തിരുവനന്തപുരം: കലയും സംഗീതവും എത്രത്തോളം ജനങ്ങളുടെ ഇടയിൽ വർദ്ധിക്കുന്നുവോ അത്രത്തോളം നല്ല മനുഷ്യർ രൂപപ്പെടുന്നുവെന്ന് മന്ത്രി എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ശ്രീചിത്ര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രം സംഘടിപ്പിക്കുന്ന അനന്തപുരി നൃത്തസംഗീതോത്സവത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധയിടങ്ങളിൽ കലാകേന്ദ്രങ്ങൾ ആരംഭിച്ചു. എത്രപേർ ആസ്വദിക്കുന്നു എന്ന് നോക്കിയല്ല സർക്കാർ കലകളെ പ്രോത്സാഹിപ്പിക്കുന്നത്. ശ്രീചിത്ര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന് സർക്കാർ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാക്കളായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി, സി.എസ്. രാധാ ദേവി എന്നിവരെ മന്ത്രി ആദരിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് അദ്ധ്യക്ഷയായി. ലാസ ഐസ്ക്രീം മാനേജർ കിരൺ കുമാർ, ഷിബു പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കലാകേന്ദ്രം വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രൻ സ്വാഗതവും ഡയറക്ടർ കെ. ശിവാനന്ദൻ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് പ്രമുഖ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ പി. പത്മേഷിന്റെ കച്ചേരിയും അരങ്ങേറി.