തിരുവനന്തപുരം: നവോത്ഥാന മുന്നേ​റ്റങ്ങൾ എതിർക്കുന്നവർക്ക് ഗാന്ധിജിയെ കുറിച്ച് പറയാൻ അവകാശമില്ലെന്ന് മുഖ്യമന്ത്റി പിണറായി വിജയന്റെ പ്രസ്താവന സ്വയം വിമർശനപരമായ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്റി വി.മുരളീധരൻ പ്രസ്താവനയിൽ കു​റ്റപ്പെടുത്തി.

സ്വാതന്ത്റ്യം നേടാനുള്ള മഹാത്മാഗാന്ധിയുടെ മാർഗങ്ങളെ അപ്രസക്തമായും അശാസ്ത്രീയവുമായും കണ്ടവരും നെഹ്രുവിനെ 'റണ്ണിംഗ് ഡോഗ് ഓഫ് ഇംപീരിയലിസം' എന്ന് വിശേഷിപ്പിച്ചവരുമായ കമ്മ്യൂണിസ്​റ്റുകാർ ഇപ്പോൾ രാജ്യസ്‌നേഹവും ഗാന്ധിജിയുടെ മഹത്വവും പറഞ്ഞു വരികയാണ്.
ഇ.എം.എസ് നമ്പൂതിരിപ്പാട് 1957ൽ കേരള മുഖ്യമന്ത്റിയായി ചുമതലയേ​റ്റെടുത്തപ്പോൾ തങ്ങൾക്ക് വിശ്വാസമില്ലാത്ത ഭരണഘടനയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞത്.

ലോകംമുഴുവൻ ചവ​റ്റുകൊട്ടയിലിട്ട കമ്മ്യൂണിസം കേരളത്തിൽ അന്ത്യശ്വാസം വലിക്കുമ്പോഴുള്ള ഒരു ജല്പനമായേ മുഖ്യമന്ത്റിയുടെ കപട നവോത്ഥാന പ്രതികരണത്തെയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട രാജ്യസ്‌നേഹത്തെയും കാണാൻ കഴിയുന്നുള്ളൂ എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.