കഴക്കൂട്ടം: പോസ്റ്റോഫീസിൽ കയറി ഭിന്നശേഷിക്കാരനായ പോസ്റ്റ് മാസ്റ്ററെ മർദ്ദിച്ച പ്രതി പിടിയിൽ. വലിയവേളി സ്വദേശിയായ സ്റ്റാൻലി നക്‌സനെയാണ് (39) തുമ്പ പൊലീസ് അറസ്റ്റുചെയ്‌തത്. വേളി പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്റർ നിഖിലിനെയാണ് ഇയാൾ മർദ്ദിച്ചത്. നിഖിൽ വാമനപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപരമായ കേസ് സംബന്ധിച്ച കോടതി അറിയിപ്പുകൾ യഥാസമയം പോസ്റ്റ് ഓഫീസിൽ നിന്നു തനിക്ക് ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. തുമ്പ സി.ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു, സി.പി.ഒ പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.