pinarayi

തിരുവനന്തപുരം: നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങൾ കേരളപൊലീസിൽ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ റൈസിംഗ് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്റി. നിർമിതബുദ്ധിയുടെ അടിസ്ഥാനത്തിൽ പൊലീസിന്റെ സഹായവും സാന്നിദ്ധ്യവുമില്ലാതെ പ്രവർത്തിക്കുന്ന പൊലീസ് സ്​റ്റേഷനുകൾ സ്ഥാപിക്കും. സമൂഹനന്മയ്ക്കും നാട്ടുകാരുടെ സുരക്ഷയ്ക്കുമായി മാറിയ പോലീസ് സേനയാണ് നമുക്കുള്ളത്. പൊലീസിന്റെ പ്രവർത്തനശൈലി അടിമുറി മാറിയിട്ടുണ്ട്. കു​റ്റാന്വേഷണമികവിൽ രാജ്യത്തെ ഏതൊരു പൊലീസ് സേനയെക്കാളും മുന്നിലാണ് കേരള പൊലീസ്. മുഖ്യമന്ത്രി പറഞ്ഞു.

തിരുക്കൊച്ചി- മലബാർ പൊലീസുകൾ ലയിച്ച് കേരളാ പൊലീസ് രൂപീകൃതമായത് കേരളപ്പിറവി ദിനത്തിലാണ്. 63 വർഷം കൊണ്ട് പൊലീസിന് സമാനതകളില്ലാത്ത മാ​റ്റവും വികാസവുമാണുണ്ടായത്. നാടിനെ നടുക്കിയ കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാൻ കഴിഞ്ഞത് പൊലീസിന്റെ കഴിവു​റ്റ പ്രവർത്തനം മൂലമാണ്.

പൊലീസിന്റെ സാങ്കേതികസംവിധാനങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടാണ് പൊലീസ് ടെക്‌നോളജി സെന്റർ എട്ടുകോടി രൂപ മുടക്കി എസ്.എ.പി കാമ്പസിൽ ആരംഭിക്കുന്നത്. ഇതിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്റി നിർവഹിച്ചു. ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, പ്രിസൺസ്, ഫോറസ്​റ്റ്, മോട്ടോർ വെഹിക്കിൾ മെഡൽ, പൊലീസ് നായ്ക്കൾക്കായി ഏർപ്പെടുത്തിയ കനൈൻ മെഡലുകൾ എന്നിവ മുഖ്യമന്ത്റി വിതരണം ചെയ്തു. 131 അംഗ കെ9 സ്‌ക്വാഡിലെ 10 പൊലീസ് നായകൾക്കാണ് ആദ്യമായി ഏർപ്പെടുത്തിയ കനൈൻ മെഡൽ ലഭിച്ചത്.