kanchav

പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഒരുകിലോ കഞ്ചാവുമായി എത്തിയ യുവാവ് പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി. ചങ്ങനാശേരി വാഴപ്പള്ളി വില്ലേജിൽ എസ്.ബി കോളേജിന് സമീപം അട്ടിച്ചിറ വീട്ടിൽ ഗൗതം (19) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പാറശാല സ്റ്റേഷനിൽ എത്തിയ മധുര - പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരനായിരുന്നു പിടിയിലായ പ്രതി. പതിവ് പരിശോധനയ്ക്കിടെയാണ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് കണ്ടെടുത്തത്. ബി.ബി.എസ് വിദ്യാർത്ഥിയായ ഇയാൾ ചില്ലറ വില്പന നടത്താനായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ജയകുമാറിന്റെ നിർദ്ദേശ പ്രകാരം നടത്തിയ റെയ്ഡിൽ പാറശാല റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.ആർ. ശരത് കുമാർ, എസ്.ഐമാരായ അബ്ദുൾ വഹാബ്, ശ്രീകുമാരൻ നായർ, എ.എസ്‌.ഐ ക്രിസ്തുദാസ്‌, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒമാരായ അനീഷ്, ബൈജു, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.