തിരുവനന്തപുരം : വട്ടിയൂർക്കാവ് ജംഗ്ക്ഷൻ വികസനത്തെക്കുറിച്ച് ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിലർമാരുടെ യോഗത്തിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയുടെ പ്രവൃത്തി ഉടൻ ആംഭിക്കും. ഇതോടൊപ്പം 2 സ്‌കൂളുകൾ ഹൈടെക് ക്ലാസ് റൂമുകളും വിവിധ ഭാഗങ്ങളിൽ പൊതു ശൗചാലയങ്ങളും പണിയും. കൗൺസിലർമാർ വാർഡുകളിൽ ആവശ്യമുള്ള വികസന പ്രവർത്തനം സംബന്ധിച്ച് അവതരിപ്പിച്ചു. നിശ്ചിത ഇടവേളകളിൽ കൗൺസിലർമാരുടെ അവലോകന യോഗം ചേരാനും തീരുമാനിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ശ്രീകുമാർ, വഞ്ചിയൂർ പി. ബാബു, പാളയം രാജൻ എന്നിവരും വിവിധ വകുപ്പ് ജീവനക്കാരും പങ്കെടുത്തു.