തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം ആസ്ഥാനമായ ദക്ഷിണ വ്യോമസേനയുടെ മേധാവിയായി എയർമാർഷൽ അമിത് തിവാരി ചുമതലയേറ്റു. വ്യോമസേനാ ആസ്ഥാനത്ത് പേഴ്സണൽ വിഭാഗം മേധാവിയായിരുന്നു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം ഗാർഡ് ഒഫ് ഓണർ പരിശോധിച്ചു. 1982 ജൂണിൽ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമ്മിഷൻ ചെയ്ത അമിത് തിവാരി 3500മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. സൂര്യകിരണ സ്ക്വാഡ്രൺ ടീം ലീഡർ, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എയർ അറ്റാഷെ, ഓപ്പറേഷണൽ കമാൻഡിൽ എയർ ഡിഫൻസ് കമാൻഡർ, അഡ്‌മിനിസ്ട്രേഷൻ വിഭാഗം മേധാവി, വ്യോമസേനാ ആസ്ഥാനത്ത് അസി. ചീഫ് ഒഫ് എയർ സ്റ്റാഫ്, വ്യോമസേനാ അക്കാഡമി കമാൻഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്തുത്യർഹ സേവനത്തിന് അതിവിശിഷ്ട സേവാമെഡൽ, വായുസേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്നി പൂനം തിവാരി എയർഫോഴ്സ് വൈവ്സ് വെൽഫെയർ അസോസിയേഷൻ റീജിയണൽ പ്രസിഡന്റായും ചുമതലയേറ്റു.