gopakumar

തിരുവനന്തപുരം: ഐ.ടി പ്രൊഫഷണലുകളുടെ അമിതമായ മാനസിക സംഘർഷം, ജീവിതശൈലീ രോഗങ്ങൾ, ഇവയ്ക്കുള്ള പ്രതിവിധികൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിന് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആർ.എം.ഒയും രോഗനിദാന വിഭാഗം വിദഗ്ദ്ധനുമായ ഡോ. എസ്. ഗോപകുമാറിന് കേരള സർവകലാശാല പിഎച്ച്.ഡി നൽകി. ആയുർവേദ രംഗത്തുള്ളവർക്ക് കേരള സർവകലാശാല നൽകുന്ന ആദ്യ ബാച്ച് പിഎച്ച്.ഡിയാണിത്. ഐ.ടി ജീവനക്കാർക്ക് മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ജോലിയുടെ സ്വഭാവം, രാത്രിയുള്ള ജോലി, കമ്പനി മാറ്റം, സ്വകാര്യ ജീവിതവും പ്രൊഫഷണൽ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം, അമിതമായ ജോലി ഭാരം, പ്രോജക്ടുകളുടെ റെഡ് ലൈൻ എന്നിവയെക്കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ കണ്ടെത്തി. അമിതമായ മാനസിക സമ്മർദ്ദം കാരണം ഇവർക്ക് പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, കാഴ്ചവൈകല്യം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വ്യാപകമാണെന്നും ആയുർവേദത്തിലൂടെ ഇവയെല്ലാം എങ്ങനെ പരിഹരിക്കാമെന്നും പഠനത്തിൽ കണ്ടെത്തി. ആയുർവേദ കോളേജ് പ്രൊഫസറായിരുന്ന ഡോ. എം.എ. ഷാജഹാന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.