കിളിമാനൂർ: യുവാവിനെ വീട്ടിൽകയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പോങ്ങനാട് കീഴ്പേരൂർ പറക്കുന്ന് വീട്ടിൽ സജീവ് (31) ആണ് പിടിയിലായത്. ഇയാളുടെ അയൽവാസിയായ കക്കോട്ട്കോണം ചരുവിളവീട്ടിൽ അട്ടപ്പൻ അജി എന്ന അജിയെ (31)ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ 30ന് രാത്രിയായിരുന്നു സംഭവം. മരംവെട്ട് തൊഴിലാളിയായ സജീവ് മൂർച്ചയേറിയ വെട്ടുകത്തിയുമായി അജിയുടെ വീട്ടിൽ അതിക്രമിച്ച് കയറി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്നയാളാണ് അജി. സജീവിന്റെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ ഇൻസ്പെക്ടർ കെ.ബി. മനോജ്കുമാർ, സബ് ഇൻസ്പെക്ടർ എസ്.അഷറഫ്, എ.എസ്.ഐമാരായ സുരേഷ്, രാജശേഖരൻ, ഷാജി, സി.പി.ഒമാരായ സുജിത്ത്, സഞ്ചീവ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.