നെടുമങ്ങാട് : സപ്ലൈകോയുടെ നെടുമങ്ങാട് ഡിപ്പോയിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഗോഡൗൺ മാനേജരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എൻ.എഫ്.എസ്.എ ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന ഗിരീഷ്ചന്ദ്രൻ നായരെയാണ് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഇ-ടെണ്ടർ വഴി വിതരണം ചെയ്യുന്ന മികച്ചയിനം അരി ഗോഡൗണിൽ ഇറക്കാതെ ലോഡു കണക്കിനു മറിച്ചു വില്ക്കുകയും ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ കരിഞ്ചന്തയിൽ മറിച്ചു വില്ക്കുകയും ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.ഇ-ടെണ്ടറിൽ പങ്കെടുത്ത കരാറുകാരനു മാസങ്ങളായി പണം കിട്ടാതെ വന്നപ്പോൾ ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇന്നലെ പുലിപ്പാറ,പഴകുറ്റി, ചേന്നൻപാറ,പുതുക്കുളങ്ങര, വെഞ്ഞാറമൂട് തുടങ്ങിയ ഗോഡൗണുകളിലും പരിശോധന നടന്നു.