തിരുവനന്തപുരം: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന സി.പി.ഐ വാദഗതി തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റുകൾ വെടിവച്ചപ്പോൾ വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സ്വയരക്ഷയ്ക്ക് തിരികെ വെടിയുതിർക്കുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല. മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കാട്ടിൽ കൊണ്ടുപോയി വെടിവച്ച് കൊന്നതല്ല. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളോട് ഇതിനെ താരതമ്യപ്പെടുത്തരുത്. എങ്കിലും സംശയങ്ങളുയർന്ന സ്ഥിതിക്ക് മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ പൊലീസിന്റെ വാദഗതികളെ അതേപടി മുഖവിലയ്ക്കെടുക്കുന്നത് ഉചിതമാവില്ലെന്ന ഒറ്റപ്പെട്ട അഭിപ്രായങ്ങൾ യോഗത്തിലുണ്ടായതായി അറിയുന്നു. ഈ സാഹചര്യത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിലൂടെ കൃത്യമായ വിവരം ലഭ്യമായ ശേഷം പാർട്ടി ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്ന നിലപാടിൽ യോഗം എത്തിച്ചേരുകയായിരുന്നു.
മേഖലാ സാമ്പത്തിക പങ്കാളിത്ത കരാർ (ആർ.സി.ഇ.പി) പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് 13ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരാറിൽ ഒപ്പിടുന്നതോടെ 28 ശതമാനം ഉല്പന്നങ്ങളുടെ തീരുവ ഇല്ലാതാവും. കേരളത്തിലെ കാർഷിക മേഖല സമ്പൂർണ തകർച്ചയിലാകും. കരാറിലൂടെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമായിരിക്കുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.