koodathil

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാടിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ അവസാനത്തെ അവകാശിയായ ജയമാധവൻ നായരെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുത്തി പോസ്റ്റുമാർട്ടം, രാസപരിശോധനാ ഫലങ്ങൾ. മരണകാരണം തലയ്‌ക്കേ​റ്റ ക്ഷതമെന്നാണ് മെഡിക്കൽ കോളജിന്റെ റിപ്പോർട്ട്. തലയിൽ രണ്ട് മുറിവുകളുണ്ട്. മൃതദേഹത്തിൽ തലയ്ക്കും മുഖത്തും അടിയേറ്റതിന്റെ ക്ഷതങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ജയമാധവന്റേത് കൊലപാതകമാണോ എന്ന് തീർച്ചപ്പെടുത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ജയമാധവന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി സന്തോഷ് നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ചു. ജയമാധവന്റെ തലയ്ക്കും നെറ്റിയിലും ഭാരമുള്ള വസ്തുക്കളുപയോഗിച്ച് അടിയേറ്റാലെന്ന പോലെ ക്ഷതങ്ങളും രക്തം കട്ടപിടിച്ച ലക്ഷണങ്ങളും ഉണ്ടായിരുന്നതായും,​ മൂക്കിനുള്ളിലും വായിലും രക്തം നിറഞ്ഞിരുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നതായും ഡോക്ടർ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജയമാധവന്റെ മരണത്തിൽ പൊലീസിന് ആദ്യം മൊഴിനൽകിയ കൂടത്തിൽ വീട്ടിലെ കാര്യസ്ഥനും സ്വത്ത് തട്ടിപ്പു കേസിലെ ഒന്നാം പ്രതിയുമായ രവീന്ദ്രൻനായരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.

ജയമാധവൻ അബോധാവസ്ഥയിൽ മുറിക്കുള്ളിൽ കിടക്കുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നായർ മൊഴി നൽകിയത്. അപസ്മാര ബാധയുള്ള ആളാണെന്നും പറഞ്ഞിരുന്നു. എന്നാൽ മൊഴിയിൽ ഒരിടത്തും ജയമാധവന്റെ വായിലും മൂക്കിലും നിന്ന് രക്തം വന്നിരുന്നതായി വെളിപ്പെടുത്തിയില്ല. സംശയിക്കത്തക്ക സൂചനകൾ ലഭിച്ചതോടെ സാഹചര്യതെളിവുകൾ ശേഖരിക്കാൻ കൂടത്തിൽ തറവാട്ടിൽ പൊലീസ് വീണ്ടും പരിശോധന നടത്തി.

ജയമാധവൻ നായരുടെ ആന്തരാവയവങ്ങൾ സൂക്ഷിച്ചിട്ടുള്ള ഫോറൻസിക് ലാബിൽ,​ സംശയിക്കപ്പെടുന്ന ചില ഘടകങ്ങളെക്കുറിച്ചു കൂടി പരിശോധന നടത്താൻ പൊലീസ് കത്തു നൽകി. 2017 ഏപ്രിൽ രണ്ടിന് ആയിരുന്നു ജയമാധവന്റെ മരണം.