പാറശാല : കേരളപ്പിറവി ദിനത്തിൽ സ്കൂളിലെ കുരുന്നുകൾക്കായി പുസ്തകമരം സമ്മാനിച്ച് പ്രധാനാദ്ധ്യാപകൻ മാതൃകയായി. പാറശാല കരുമാനൂർ കൊടവിളാകം എച്ച്.എം.എസ് എൽ.പി.എസിലെ പ്രധാനാദ്ധ്യാപകൻ ജോയ് വൽസലമാണ് പാഴ്വസ്തുക്കൾ കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ പുസ്തകമരം കുട്ടികൾക്കായി തയ്യാറാക്കിയത്. ഉപയോഗശൂന്യമായ കാർഡ് ബോർഡുകൾ ചുരുട്ടി മരത്തിന്റെ ആകൃതിയിലാക്കി ചാർട്ട് പേപ്പർ ഉപയോഗിച്ച് ചുറ്റിയ ശേഷം പെയിന്റ് ചെയ്ത് മനോഹരമാക്കിയാണ് പുസ്തകമരം നിർമ്മിച്ചത്. മരത്തിൽ വച്ചിട്ടുള്ള പുസ്തകങ്ങൾ വായിച്ചാൽ അറിവിന്റെ ഫലം ലഭിക്കുമെന്നറിയിക്കുന്ന ആപ്പിളിന്റെ ചിത്രവും മരത്തിലുണ്ട്. മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കിയ പുസ്തകമരം നിർമ്മിക്കുന്നതിനായി ഇരുനൂറ് രൂപ മാത്രമാണ് ജോയ് വൽസലത്തിന് ചെലവായത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സെലിൻ ജോസഫ്, ബി.പി.ഒ എസ്.കൃഷ്ണകുമാർ എന്നിവർ ചേർന്ന് പുസ്തക മരം കുട്ടികൾക്കായി സമ്മാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണം സ്‌കൂളിൽ വായന പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് റൂം വായനശാലകളും ഒരുക്കുന്നുണ്ട്. പുസ്തക സമാഹരണത്തിനായി നടത്തിയ കാമ്പയിനിലൂടെയും സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള പുസ്തകക്കുട്ടയിലൂടെയും ഇതിനകം അഞ്ഞൂറിലേറെ പുസ്തകങ്ങൾ ലഭിച്ചതായി സ്കൂൾ ലൈബ്രേറിയയും അദ്ധ്യാപികയുമായ സി.ആർ. ജിൻസി പറഞ്ഞു.