murder-case

നെടുമങ്ങാട് : ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് സി.പി.എം ലോക്കൽ കമ്മിറ്റിയംഗം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി എ.അജീംഖാനു നേരെയാണ് ആക്രമണം. പാർട്ടി പ്രവർത്തകരുടെ ഇടപെടലാണ് രക്ഷയായത്. പത്താംകല്ലിനു സമീപം റോഡിലൂടെ ഒറ്റയ്ക്കു നടന്നുപോകവേ, എതിരെ ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് ആക്രമിച്ചത്. വഴിയാത്രക്കാരും മറ്റു വാഹനങ്ങളും കടന്നുപോകുമ്പോൾ ബൈക്ക് തിരിച്ച് പിന്നോട്ട് പോവുകയും വിജന പ്രദേശമെത്തിയപ്പോൾ അജീംഖാനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുകയുമായിരുന്നു. സംശയം തോന്നി സമീപത്തെ പാർട്ടി അംഗങ്ങളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പ്രവർത്തകർ സംഘടിച്ചെത്തി. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അക്രമികൾ ഊരിപ്പിടിച്ച വാൾ അജീംഖാനു നേരെ വീശി. അപ്പോഴേക്കും പാർട്ടി പ്രവർത്തകർ അടുത്തെത്തി. ഇതോടെ അക്രമികൾ രക്ഷപ്പെട്ടു. ഇതിനിടെ, നേരിയ പരിക്കേറ്റ അജീംഖാനെ പ്രവർത്തകർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് പാർട്ടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.