koodathil

തിരുവനന്തപുരം: ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ താമരശേരി കൂടത്തായി കേസിലെന്ന പോലെ കരമന കൂടത്തിൽ തറവാട്ടിലെ ഏഴ് ദുരൂഹമരണ കേസിലും പൊലീസിന് വൻ വീഴ്ച. നിശ്ചിത ഇടവേളകളിലെ മരണങ്ങളും സ്വത്ത് തട്ടിയെടുക്കലും ഇതിനായുള്ള കള്ളക്കേസുകളുമെല്ലാം പൊലീസിന് അറിയാമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശിച്ചിട്ടും ഒരുവർഷം കരമന പൊലീസ് കേസെടുത്തില്ല. സ്വത്തുക്കൾ കൈവശപ്പെടുത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്നാണ് സംശയം. ഇതു കണ്ടെത്താൻ പ്രത്യേക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർ നിരീക്ഷണത്തിലാണ്. കാര്യസ്ഥനായിരുന്ന രവീന്ദ്രൻനായർ ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തറവാട്ടു വക എട്ട് ഏക്കറിലധികം വസ്തുക്കൾ തട്ടിയെടുത്തെന്ന കുടുംബാംഗങ്ങളുടെ പരാതിയാണ് പൊലീസ് മുക്കിയത്. ഇതിൽ പൊലീസുകാർക്ക് സാമ്പത്തിക നേട്ടമുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്. കൂടത്തിൽ തറവാടിന്റെ നിലങ്ങൾ നികത്തുകയും വസ്തുക്കൾ പ്ലോട്ട് തിരിച്ച് വിൽക്കുകയും ചെയ്തതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് അടക്കം പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലങ്ങളിൽ പലതിന്റെയും ആധാരവും രേഖകളും റിയൽ എസ്റ്റേറ്റ് മാഫിയയിൽപ്പെട്ട ചിലരുടെ കൈയിലുണ്ടെന്ന വിവരവും പൊലീസിന് കിട്ടി.

വസ്തുക്കൾ വില്പന നടത്താനായാണ് റിയൽ എസ്റ്റേറ്റ് സംഘത്തിന് രേഖകൾ കൈമാറിയതെന്നാണ് പൊലീസ് പറയുന്നത്. ജയമാധവന്റേതെന്ന പേരിലുള്ള വിൽപത്രത്തിലെ സാക്ഷിപ്പട്ടികയിലും റിയൽ എസ്റ്റേറ്റ്, നിലം നികത്ത് മാഫിയയിലുൾപ്പെട്ട ചിലരുണ്ട്. ഒരു പ്രാദേശിക നേതാവും ഇതിലുണ്ടത്രേ.

തലയ്ക്ക് പരിക്കേറ്റ് ജയമാധവനെ അബോധാവസ്ഥയിൽ വീട്ടിനുളളിൽ കണ്ടെത്തിയതായി രവീന്ദ്രൻനായർ നൽകിയ മൊഴിയെത്തുടർന്നെടുത്ത കേസിൽ കൂടുതൽ അന്വേഷണം കരമന പൊലീസ് നടത്തിയിരുന്നില്ല. വീട്ടിനുള്ളിൽ നിന്ന് തെളിവുകൾ ശേഖരിച്ചതുമില്ല. ജയമാധവൻ വീണുകിടന്ന മുറി കഴുകി തുടച്ചതും പൊലീസ് കണ്ടില്ല. ജയമാധവന്റെ മുറിയോ വീടോ സീൽ ചെയ്യാതിരുന്നതും വീഴ്ചയായി.