തിരുവനന്തപുരം: തലമുറകളായി കോടികളുടെ സ്വത്തുക്കളുണ്ടായിരുന്ന കൂടത്തിൽ തറവാട്ടിൽ നിന്ന് ജയപ്രകാശിന്റെയും ജയമാധവന്റെയും മരണശേഷം വിലപിടിച്ച സ്വത്തുക്കൾ അപഹരിക്കപ്പെട്ടതായി പരാതിക്കാരി പ്രസന്നകുമാരിയുടെ പുതിയ മൊഴി. പ്രസന്നകുമാരിയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസമാണ് പൊലീസ് മൊഴിയെടുത്തത്.
അമൂല്യ ആഭരണങ്ങൾ, പിത്തളയിലും ചെമ്പിലും ഓടിലും തീർത്ത അത്യപൂർവ പാത്രങ്ങൾ, വലിയ ഉരുളികൾ, വാർപ്പുകൾ, തടിയിലും മറ്റും നിർമ്മിച്ച വീട്ടുപകരണങ്ങൾ, സ്വത്തുക്കളുടെ പ്രമാണങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് മൊഴി. ഇവ സൂക്ഷിച്ചിരുന്ന മുറി ജയപ്രകാശാണ് കൈകാര്യം ചെയ്തിരുന്നത്. ജയപ്രകാശിന്റെ മരണശേഷം മുറിയുടെ താക്കോൽ കാര്യസ്ഥൻ രവീന്ദ്രൻനായരുടെ കൈയിലായി. ജയമാധവൻ കൂടി മരണപ്പെട്ടതോടെ ഇവയെല്ലാം കടത്തിക്കൊണ്ടു പോയതായാണ് കരുതുന്നത്. പ്രാഥമിക അന്വേഷണത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്യും.
അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടത്തിൽ വീടിന്റെ ഗേറ്റ് കാര്യസ്ഥൻ രവീന്ദ്രൻനായർ കഴിഞ്ഞദിവസം പുതിയ താഴിട്ട് പൂട്ടിയത് പൊലീസിനെ അമ്പരപ്പിച്ചു. ഇത് രവീന്ദ്രൻ നായർതന്നെ ചെയ്തതാണോ കൂട്ടാളികളെ ഉപയോഗിച്ചാണോ എന്ന് അന്വേഷിക്കുന്നുണ്ട്. മാധ്യമങ്ങളിലെ വാർത്തകളെ തുടർന്ന് ദിവസവും നിരവധി പേരാണ് കാലടിയിലെ കൂടത്തിൽ വീട് കാണാനെത്തുന്നത്. സന്ദർശകർ വീടിന്റെ കോമ്പൗണ്ടിലും പൂമുഖത്തും കടന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതും പതിവായിരുന്നു.