തിരുവനന്തപുരം: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് സി.പി.ജലീൽ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു. ആറുമാസത്തിനകം റിപ്പോർട്ട് നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എട്ടു മാസം പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
മാർച്ച് ആറിനാണ് തണ്ടർബോൾട്ട് വെടിവയ്പിൽ കബനീദളം ഏരിയാസമിതി അംഗം സി.പി. ജലീൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ കൂട്ടാളി ചന്ദ്രു രക്ഷപ്പെട്ടു. മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്.പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിസോർട്ടിലെ വെടിവയ്പിൽ തകർന്ന മുറിയും കേടുപാടു സംഭവിച്ച പൊലീസ് ജീപ്പും പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങളും ശേഖരിച്ചു.
ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. യു.എ.പി.എ ചുമത്തിയ കേസായതിനാലും സി.പി. ജലീലിന്റെ കൂട്ടാളിയെ കണ്ടെത്താൻ സാധിക്കാത്തതുമാണ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതെന്നാണ് വിശദീകരണം.
മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി വയനാട് കളക്ടർ ജലീലിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. വൈത്തിരിയിൽ ഉണ്ടായത് ആസൂത്രിത വെടിവയ്പാണെന്ന ജലീലിന്റെ ബന്ധുക്കളുടെ പരാതി പൊലീസ് അന്വേഷണത്തിൽ പരിഗണിക്കണമെന്നു കൽപറ്റ ജില്ലാകോടതി നിർദ്ദേശിച്ചിരുന്നു. മജിസ്റ്റീരിയൽ അന്വേഷണത്തിനു മൂന്നു മാസം കൂടി സർക്കാർ നീട്ടിക്കൊടുത്തിട്ടുണ്ട്.