mount

നിധി വേട്ടക്കാർക്ക് മുന്നിൽ ഇന്നും പിടികൊടുക്കാതെ വട്ടം ചുറ്റിക്കുകയാണ് സൂപ്പർസ്‌റ്റിഷൻ പർവതനിരകൾ. പേരുപോലെ തന്നെ അന്ധവിശ്വാസങ്ങളുടെയും നിഗൂഢതകളുടെയും കേന്ദ്രമാണ് അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന ഈ പർവത നിരകൾ. പർവതാരോഹകരുടെ ആകർഷണ കേന്ദ്രം കൂടിയായ ഈ മലനിരകൾക്ക് പിന്നിൽ ഒരു ചരിത്രമുണ്ട്. അമേരിക്കയിലെ അപ്പാച്ചി ഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പർവതത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. അപ്പാച്ചി വർഗക്കാർ അമൂല്യമായ സ്വർണ നിധി പർവതത്തിലെവിടെയോ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഒരു കഥ.

സൂപ്പർസ്‌റ്റിഷൻ പർവതനിരകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന 'ലോസ്‌റ്റ് ഡച്ച് മാൻസ് ഗോൾഡ് മൈൻ' എന്നറിയപ്പെടുന്ന ഒരു സ്വർണ ഖനിയാണ് ഇക്കൂട്ടത്തിൽ ഏവരെയും ആകർഷിക്കുന്ന ഒന്ന്. ജർമൻകാരനായ ജേക്കബ് വാൾട്ട്സ് എന്നയാൾ 1880കളിൽ സൂപ്പർസ്‌റ്റിഷൻ പർവത നിരകളിലെ ഒരു ഖനിയിൽ അമൂല്യമായ സ്വർണ അയിര് ശേഖരം കണ്ടെത്തിയത്രെ. ഖനിയുടെ സ്ഥാനം 1891ൽ മരണക്കിടക്കയിൽ വച്ച് വാൾട്ട് തന്നെ ശുശ്രൂഷിച്ച ജൂലിയ തോമസിനോട് വെളിപ്പെടുത്തി. അന്നു മുതൽ സ്വർണത്തിന്റെ അമൂല്യം ശേഖരം ഉണ്ടെന്ന് പറയപ്പെടുന്ന ഈ പർവത നിരയിലെ നിധി തേടി പലരും യാത്ര തുടങ്ങി.

1892 മുതൽ സ്വർണവേട്ടയ്‌ക്കായി പലരും ഇവിടെയെത്തുന്നുണ്ട്. എന്നാൽ, സ്വർണം തേടി ഈ പർവതം കയറുന്നവർ പിന്നീട് തിരികെയെത്തില്ലെന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. വാൾട്ട് കണ്ടെത്തിയെന്ന് പറയപ്പെടുന്ന ആ സ്വർണ ഖനി തേടി പുറപ്പെട്ട വിദഗ്ദ്ധരായ പർവതാരോഹകർ ഉൾപ്പെടെ നിരവധി പേർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‌തിട്ടുണ്ട്. സൂപ്പർസ്‌റ്റിഷൻ പർവതനിരകളിൽ നരകത്തിലേക്കുള്ള വാതിൽ സ്ഥിതി ചെയ്യുന്നുവെന്നും അവിടെ എത്തുന്നവർ പിന്നീട് മടങ്ങി വരില്ലെന്നുമാണ് അപ്പാച്ചി വർഗക്കാരുടെ വിശ്വാസം. സൂപ്പർസ്‌റ്റിഷൻ പർവതനിരകളെ അടുത്തറിയാനായി 'സൂപ്പർ സ്‌റ്റിഷൻ മൗണ്ടൻ മ്യൂസിയം' സഞ്ചാരികൾക്കായി അധികൃതർ ഒരുക്കിയിട്ടുണ്ട്.