തിരുവനന്തപുരം: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംഭവസ്ഥലം സന്ദർശിച്ച സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബുവിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ റിപ്പോർട്ട് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിന് സമർപ്പിക്കും. റിപ്പോർട്ട് സർക്കാരിന് കൈമാറാനും നീക്കമുണ്ട്. അട്ടപ്പാടി സന്ദർശനത്തെക്കുറിച്ച് സംഘത്തിലെ അംഗമായിരുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഫ്ളാഷിനോട് സംസാരിക്കുന്നു:
തണ്ടർബോൾട്ട് കേരളത്തിൽ വേണ്ട
തണ്ടർബോൾട്ട് എന്ന സംവിധാനത്തെ നിലനിർത്താനുളള കളിയാണോ ഈ നടന്നത് എന്നാണ് സി.പി.ഐയുടെ സംശയം. തണ്ടർ ബോൾട്ട് എന്തിനാണ് ? തണ്ടർബോൾട്ട് എന്ന സംവിധാനത്തെ തന്നെ അവസാനിപ്പിക്കണം. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് ഇങ്ങനെയൊരു സംഘത്തെ നിലനിറുത്തേണ്ട ആവശ്യമില്ല. മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് കേരളത്തെ രക്ഷിച്ചു എന്ന് വീരസ്യം പറയാനാണ് ഈ നാടകം നടന്നത്. ഒരു പൊലീസുകാരനും കുഴപ്പം പറ്റിയിട്ടില്ല. എന്ത് മാവോവാദി ഭീഷണിയാണ് കേരളത്തിലുളളത് ? ഇത് തണ്ടർബോൾട്ട് കെട്ടിച്ചമച്ച ഭീതിയാണ്. മാവോവാദികളല്ല തണ്ടർബോൾട്ടാണ് ആദിവാസികൾക്ക് ഭീഷണി. ആദിവാസികളെ തണ്ടർബോൾട്ട് മുൾമുനയിൽ നിറുത്തുകയാണ്. പൊതു ഖജനാവിന് നഷ്‌ടമല്ലാതെ തണ്ടർബോൾട്ടുകളെ കൊണ്ട് യാതൊരു ഉപയോഗവുമില്ല.
തിരക്കഥ എഴുതാൻ പോലും അറിയാത്തവർ
വിഷയത്തിൽ തുടർനടപടികളെപ്പറ്റി സി.പി.ഐ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. നമ്മൾ എത്രയോ പൊലീസ് സിനിമകൾ കണ്ടിട്ടുണ്ട്. അതിന്റെ കഥ എഴുതുന്നവർക്ക് വരെ ഒരു ഏറ്റുമുട്ടൽ എങ്ങനെ സൃഷ്‌ടിക്കണമെന്ന് അറിയാം.ഒരു ഏറ്റുമുട്ടൽ നടന്നതിന്റെ യാതൊരു ലക്ഷണവും സംഭവസ്ഥലത്തില്ല .പൊലീസിന് പരിക്കേൽക്കാത്തത് തന്നെയാണ് പ്രധാന സംശയം. ഇന്ത്യ കണ്ട എത്രയോ ഏറ്റുമുട്ടലുകൾ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മലയാളിയായ പ്രാണേഷ് കുമാർ ഉൾപ്പെട്ട ഇസ്രത്ത് ജഹാൻ കേസ് തന്നെയാണ് ഉദാഹരണം. അന്ന് നരേന്ദ്രമോദിയെ കൊല്ലാൻ പദ്ധതിയിട്ടെന്നും ലഷ്‌കറെ തൊയ്ബയാണ് ഇതിന് പിന്നിൽ എന്നൊക്കെയുമായിരുന്നു സർക്കാർ പറഞ്ഞു പരത്തിയത്. പിന്നീട് സുപ്രീംകോടതി വരെ ഇത് നൂറുശതമാനം വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞു. അന്ന് ആ കേസുമായി ബന്ധപ്പെട്ട് മോദി പറഞ്ഞത് എന്താണോ അത് തന്നെയാണ് ഇന്ന് മുഖ്യമന്ത്രിയും പറയുന്നത്.
കണ്ടതും കേട്ടതും
മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ സംഭവസ്ഥലത്തുണ്ട്. ഭക്ഷണം കഴിക്കുന്നവർക്ക് നേരെയാണ് നിറയൊഴിച്ചത്. അവർ കീഴടങ്ങാൻ കാത്തിരുന്നവരായിരുന്നു.അവരെകൊണ്ട് കാട്ടിൽ താമസിക്കുന്നവർക്ക് യാതൊരു ഉപദ്രവവും ഉണ്ടായിരുന്നില്ല.വർഷങ്ങളായി അവർ വന്നു പോകുന്നുണ്ട് എന്നാണ് ആദിവാസികൾ ഞങ്ങളോട് പറഞ്ഞത്.ആദിവാസികളോട് ആയുധമെടുത്ത് പോരാടണമെന്ന് അവർ പറഞ്ഞിട്ടില്ല.യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല.ആദിവാസികളുടെ ആടുകളെ കൊല്ലുകയോ ഭക്ഷണം തട്ടിപ്പറിക്കുകയോ ചെയ്‌തിട്ടില്ല.അവരുടെ സ്ത്രീകൾക്ക് നേരെ മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലായെന്നാണ് ആദിവാസികൾ പറയുന്നത്. കേരളത്തിൽ മുമ്പ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന് പകരം വീട്ടാൻ അവർക്ക് എന്നേ ആക്രമണങ്ങൾ കേരളത്തിൽ അഴിച്ച് വിടാമായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥന് നേരെയോ സാദാ പൊലീസുകാരന് നേരെയോ പോലും അവർ ആക്രമണം നടത്തിയിട്ടില്ല. ഒരു പൊലീസ് സ്റ്റേഷന് നേരെ കല്ല് പോലും എറിയാത്തവരാണ് അവർ.
ദൃശ്യവും വ്യാജം
മാവോവാദികൾ ആദ്യം വെടിയുതിർക്കുന്നുവെന്ന് പറഞ്ഞ് പൊലീസ് പുറത്തുവിടുന്ന ദൃശ്യങ്ങളും വ്യാജമാണ്.ഇവർക്ക് ദൂരെമാറിയിരുന്ന് മാവോവാദികൾ വെടിവയ്‌ക്കുന്ന ദൃശ്യങ്ങൾ എടുക്കാമായിരുന്നല്ലോ ? നേരെ എഴുന്നേറ്റ് നിൽക്കാൻ പോലും ആരോഗ്യമില്ലാത്തവരാണ് ഈ പറയുന്ന മാവോവാദികൾ.മരിച്ച ഒരാളുടെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്.ഇതും പൊലീസ് തല്ലി ഒടിച്ചതാണോയെന്ന് സംശയമുണ്ട്.പൊലീസിന് സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.