നാടൻ, തനി നാടൻ, കാടൻ എന്നിങ്ങനെ വിപ്ലവത്തെ മൂന്നായി തരംതിരിക്കേണ്ടതായിരുന്നു നമ്മുടെ മാവോ. മാവോ സെ തൂങിന് അതിന് നേരം കിട്ടാതെ പോയി എന്നതുകൊണ്ട് അങ്ങനെ വിപ്ലവത്തെ തരംതിരിക്കാതിരിക്കരുത് എന്ന് ജനകീയ ജനാധിപത്യമുന്നണിയുടെ ലേറ്റസ്റ്റ് എഡിഷൻ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലിരുന്ന് സൃഷ്ടിക്കുന്ന വേളയിൽ പിണറായിസഖാവ് ചിന്തിക്കുകയുണ്ടായി.
അതുകൊണ്ട് സഖാവ് വിപ്ലവത്തെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തരംതിരിച്ചുവച്ചു. നാളെ കാൾമാർക്സ് വന്ന് ചോദിച്ചാലും കിറുകൃത്യമായി ഓരോ തരവും കാണിച്ചുകൊടുക്കാൻ പാകത്തിലായിരുന്നു സഖാവിന്റെ ഇടപെടൽ. കാൾമാർക്സ് അത് നേരിട്ട് കണ്ടിരുന്നുവെങ്കിൽ ബലേ, ഭേഷ്! എന്ന് സഖാവിനോട് മുഷ്ടി ചുരുട്ടി പറഞ്ഞേനെ എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ പാർട്ടിസ്കൂൾ നോക്കിനടത്തുന്ന എം.വി.ഗോവിന്ദൻമാഷ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നാടൻ, തനിനാടൻ ഇനങ്ങൾ ജനകീയ ജനാധിപത്യ വിപ്ലവഗണത്തിലാണ് പെടുന്നത്. കാടൻ പക്ഷേ അങ്ങനെയല്ല. അതിൽ രണ്ടുണ്ട്. ജനകീയ ജനാധിപത്യ വിപ്ലവവുമുണ്ട്, ദേശീയ ജനാധിപത്യവിപ്ലവവുമുണ്ട്. ചില റിവിഷനിസ്റ്റ് വലതന്മാരാണ് ദേശീയ ജനാധിപത്യവിപ്ലവവും കൊണ്ട് നടക്കുന്നത്. അവർ ഇടയ്ക്കിടയ്ക്ക് കാട്ടിൽ കയറുന്നതിൽ വിനോദം കണ്ടെത്തുന്ന പഹയന്മാരാണ്. കാടൻ ഇനത്തിൽ പെട്ട ജനകീയ ജനാധിപത്യ വിപ്ലവക്കാരാകട്ടെ, കാട്ടിൽ തന്നെ അലയാൻ വിധിക്കപ്പെട്ടവരുമാണ്.
പിണറായി സഖാവ് നാടൻ, തനി നാടൻ വിപ്ലവങ്ങളോട് മാത്രം ആഭിമുഖ്യം പുലർത്തിപ്പോന്നു. ജനകീയ ജനാധിപത്യ വിപ്ലവം തന്നെയെങ്കിലും കാടൻ ആയാൽ അതിനെ വച്ചുപൊറുപ്പിക്കാനാവില്ല. കാടെന്ന് കേൾക്കുന്നതേ അലർജിയാണ്. ബൊളീവിയൻ കാട്ടിൽ ചെഗുവേരയെന്നോ മറ്റോ പേരായ വിദ്വാൻ ഇതുപോലെ പണ്ട് വിപ്ലവം നയിച്ചിട്ടുണ്ടെന്ന് സഖാവിനറിയാം. പരമാവധി ഒരു ടി-ഷർട്ടിനപ്പുറത്തേക്ക് ഇത്തരം വിപ്ലവക്കാരെ അടുപ്പിക്കരുതെന്ന് സഖാക്കളോട് ചട്ടം കെട്ടിയത് കാരണം, ചെഗുവേര മോഡൽ കാടൻവിപ്ലവം അധികം ഇന്നാട്ടിൽ അരങ്ങേറിയിട്ടില്ല.
അങ്ങനെയിരിക്കെയാണ് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പുതിയ പതിപ്പ് കെട്ടിപ്പടുക്കാനുള്ള നിയോഗം പി. സഖാവിൽ വന്നുപെട്ടത്. അത് യാദൃശ്ചികമായിരുന്നു. അന്ന് തൊട്ട് സഖാവ് നാടൻ, തനി നാടൻ വിപ്ലവങ്ങളെ തരംതിരിച്ച്, അവയ്ക്ക് പുതിയ രൂപവും ഭാവവും നൽകി സൗന്ദര്യവത്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. അതിന് വിഘാതമായി നിന്ന കാടൻ വിപ്ലവക്കാരെ ഒന്നല്ല, ഒരു നാല് പാഠമെങ്കിലും പഠിപ്പിക്കണമെന്നാണ് സഖാവ് കരുതിയിരുന്നത്. അതിന് പറ്റിയ ഒറ്റമൂലി തണ്ടർബോൾട്ട് വിപ്ലവമാണെന്ന് വിപ്ലവകാര്യത്തിൽ തന്ത്രപ്രധാനമായ ഉപദേശങ്ങൾ നൽകിപ്പോരുന്ന രമൺ ശ്രീവാസ്തവാജി ഉപദേശിച്ചുവെന്ന് പറയുന്നു. അതല്ല, ബെഹ്റാജിയുടെ ഉപദേശമാണെന്നും കിംവദന്തികളുണ്ട്.
ഏതായാലും ഉപദേശങ്ങൾ ഫലിച്ചെന്ന് വേണം പറയാൻ. തണ്ടർബോൾട്ടിന്റെ തോക്കിൻകുഴലിന്റെ അറ്റത്ത് നിന്ന് പോലും തനി നാടൻ പുക ഉയരുന്നത് കണ്ടാണ് കാടനെ തുരത്താനുള്ള മരുന്ന് തണ്ടർബോൾട്ട് തന്നെയെന്ന് നാമിപ്പോൾ തിരിച്ചറിഞ്ഞത്. ഇത്തരം വിപ്ലവവീരഗാഥകൾ മനസ്സിലാക്കാനുള്ള ശേഷിയോ ശേമുഷിയോ ഇല്ലാത്തവരാണ് വലതന്മാർ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അവർക്ക് കാടനാണ് പഥ്യം.
അതുകൊണ്ട് പിണറായി സഖാവിന്റെ നാടൻ, തനിനാടൻ ഇനങ്ങളെ അവർ ഉൾക്കൊള്ളാൻ തയ്യാറല്ല. അവർ തന്നെ കാടൻ ഗണത്തിലാണല്ലോ. അതുകൊണ്ടാണ് കാട് കയറി പിണറായി സഖാവിന്റെ തണ്ടർബോൾട്ട് വിപ്ലവം നേരിട്ട് കാണാനും തരം കിട്ടിയാൽ സഖാവിനെ നാല് ചീത്ത പറയാനും അവർ ഇറങ്ങിപ്പുറപ്പെട്ടത്. സഖാവിനെയും ജനകീയക്കാരെയും നാല് ഭള്ള് പറയുന്നതിലാണ് കാനംസഖാവിന്റെയും സംഘത്തിന്റെയും ഊർജ്ജമെന്നത് കൊണ്ടുതന്നെ അവരുടെ ഈ നീക്കത്തെ കുറ്റം പറയാനാവില്ല. ഇത് നന്നായി അറിയാവുന്ന പി. സഖാവും അതിനെ അത്രയ്ക്കൊക്കെയേ കാണുന്നുള്ളൂ. എന്നുവച്ച് വിപ്ലവഗാഥകൾ തുടരില്ലെന്ന് അർത്ഥമാക്കേണ്ടതില്ല.
...................................
- 'അയ്യാ, ലേശം അരി താ...' എന്നും ചോദിച്ച് നടക്കുന്നവരാണോ മാവോയിസ്റ്റുകൾ എന്ന് ചെന്നിത്തല ഗാന്ധിയോട് പിണറായി സഖാവ് ചോദിച്ചത് മാവോയിസ്റ്റുകളെപ്പറ്റി ചെന്നിത്തലഗാന്ധിക്ക് നല്ല ധാരണയില്ല എന്ന ഉറച്ച ബോദ്ധ്യത്താലായിരുന്നു. ചെന്നിത്തലഗാന്ധിയും കൂട്ടരും ധരിച്ചുവച്ചിരിക്കുന്നത് മാവോയിസ്റ്റുകളെന്നാൽ മ്യാവൂവിസ്റ്റുകളെന്നാണ്. മാർജ്ജാരവർഗ്ഗത്തോട് പണ്ടേ ചെന്നിത്തല ഗാന്ധിക്കും സംഘത്തിനും പഥ്യമില്ലാത്തത് കാരണം അവർ മാവോയിസ്റ്റുകളെ അത്ര കാര്യമാക്കിയിരുന്നില്ല. കാട്ടിൽ അരി തെണ്ടി നടക്കുന്ന ഏതോ ഭിക്ഷാംദേഹികളെന്ന മട്ടിൽ അവർ നിയമസഭയിൽ തട്ടിവിട്ടത് അതിനാലായിരുന്നു.
പിണറായി സഖാവ് പറഞ്ഞപ്പോഴാണ് അവർക്ക് കാര്യഗൗരവം പിടികിട്ടിയത്. ഏകെ 47ഉം ഏകെ 56ഉം ബോംബും പിച്ചാത്തിയും ഗുണ്ടും ഏറുപടക്കങ്ങളുമടക്കം മാരകായുധങ്ങളുമായി നടക്കുന്ന ഭീകരന്മാരാണ് മാവോയിസ്റ്റുകൾ. അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ തുരുമ്പിച്ച തോക്കും അതിന്റെ വലിച്ചാലും വലിയാത്ത കാഞ്ചിയും കൊണ്ട് ഏന്തിവലിഞ്ഞ് നടക്കുകയായിരുന്ന തണ്ടർബോൾട്ടിന് നേരേ ഈ ഭീകരന്മാർ ഏറുപടക്കമെറിയുകയും എറിയുന്നതിനിടയിൽ കൈയിലുണ്ടായിരുന്ന ബോംബ് പൊട്ടി നാലുപേർ തൽക്ഷണം മരിക്കുകയുമുണ്ടായിട്ടുണ്ട്. അത് തണ്ടർബോൾട്ടിന്റെ കുറ്റമല്ല.
തണ്ടർബോൾട്ടിന് പണം രൊക്കമായും ചില്ലറയായും ന.മോ.ജി സർക്കാർ വക കിട്ടാൻ ഇതുപോലുള്ള ചില പടക്കമേറ് കളികൾ വേണമെന്ന് വാദിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്നാണ് പറയാനുള്ളത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com