cpi-

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ സി.പി.ഐ എടുക്കുന്ന നിലപാടുകളെ അവഗണിച്ച് മുന്നോട്ട് പോയാൽ സർക്കാരിനും മുന്നണിക്കും വലിയ വില നൽകേണ്ടി വരുമെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ഒരുപാട് ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാരാണിത്. എന്നാൽ, പൊലീസ് ഉൾപ്പടെയുള്ള ചില വകുപ്പുകളിൽ നടക്കുന്ന സംഭവങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാനാണ് സി.പി.ഐ പല വിഷയങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുളളത്. തിരുത്തൽ ശക്തിയായി തന്നെ സി.പി.ഐ നിലകൊള്ളും. സർക്കാരും മുന്നണിയും സി.പി.ഐയുടെ വാക്ക് കേൾക്കണം. പൊലീസ് ഉൾപ്പടെ വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്ന തരത്തിൽ എൽ.ഡി.എഫിൽ നയം രൂപീകരിക്കാൻ സി.പി.ഐ ആവശ്യപ്പെടും. എൽ.ഡി.എഫ് ഈ വിഷയം വിശദമായി ചർച്ച ചെയ്യണം. പ്രകാശ് ബാബു കേരളകൗമുദിയോട് സംസാരിക്കുന്നു:

ഇടതുനയത്തിൽ നിന്ന് സർക്കാർ വ്യതിചലിക്കരുത്

വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ രാഷ്‌ട്രീയ നേതൃത്വത്തിന് കഴിയില്ല. നയപരമായ നിലപാട് മാത്രമേ ഇക്കാര്യങ്ങളിൽ സ്വീകരിക്കാൻ കഴിയൂ. നിലവിലെ എൽ.ഡി.എഫ് നയത്തിൽ നിന്ന് സമൂലമായ മാറ്റം ഇക്കാര്യത്തിൽ ഉണ്ടാകണം. ഒരാളെ കസ്റ്റഡിയിൽ എടുത്താൽ എങ്ങനെ പെരുമാറണം? ലോക്കപ്പിൽ ഒരു പ്രതിയെ സൂക്ഷിക്കുന്നത് എങ്ങനെ? ഏറ്റുമുട്ടൽ സാഹചര്യമുണ്ടാകുമ്പോൾ എന്താണ് വേണ്ടത് ? തുടങ്ങിയ കാര്യങ്ങളിൽ നിയമവശങ്ങൾ കൂടി ചിന്തിച്ച് വ്യക്തമായ നിലപാട് എൽ.ഡി.എഫ് സ്വീകരിക്കേണ്ടതുണ്ട്. ഇടതുനയത്തിൽ നിന്നും സർക്കാർ ഒരിക്കലും വ്യതിചലിക്കാൻ പാടില്ല. ദൈനംദിന പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമായി അറിയുകയും അത് തിരുത്തുകയും വേണം. സി.പി.എമ്മിനും സി.പി.ഐയ്ക്കും ദേശീയതലത്തിൽ മാവോയിസ്റ്റ് വിഷയത്തിൽ ഒരേ നിലപാടാണുള്ളത്. എന്നാൽ, വിഷയത്തിൽ കേരളത്തിലെ സി.പി.എം നേതാക്കളുടെ പ്രതികരണം ദേശീയ നിലപാടിൽ നിന്നുളള വ്യതിചലനമാണ്. മാവോയിസ്റ്റ് വിഷയത്തിൽ ഇടതു രാഷ്‌ട്രീയ കക്ഷികൾക്ക് മാത്രമേ നിലപാടെടുക്കാൻ പറ്റുകയുളളൂ.

ഏകപക്ഷീയമായ വെടിയുതിർക്കൽ

പാർട്ടി സംസ്ഥാന പ്രതിനിധി സംഘത്തിലുൾപ്പെട്ട ഞങ്ങൾ നാലുപേരും ഒരുമിച്ചിരുന്നാകും അട്ടപ്പാടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെ സന്ദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കുക. ഇന്നോ നാളെയോ റിപ്പോർട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് കൈമാറും. അതിനുശേഷം പാർട്ടി എക്സിക്യുട്ടീവ് ഈ വിഷയം വിശദമായി ചർച്ച ചെയ്യും. തുടർന്നാവും സർക്കാരിന് റിപ്പോർട്ട് കൈമാറണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഏറ്റുമുട്ടൽ വ്യാജമാണെന്ന നിലപാട് തന്നെയാകും റിപ്പോർട്ടിലും ഉണ്ടാകുക. ആഹാരം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകൾക്ക് നേരെയാണ് പൊലീസും തണ്ടർബോൾട്ട് സംഘവും വെടിയുതിർത്തത്. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് യാതൊരു ആക്രമണവുമുണ്ടായില്ല. തമ്പടിച്ചിരുന്നവർക്ക് നേരെ നടത്തിയ ഏകപക്ഷീയമായ വെടിയുതിർക്കലായിരുന്നു അത്. ആദിവാസി മൂപ്പനോടും പഞ്ചായത്ത് അംഗങ്ങളോടും ഊര് വാസികളോടും പാർട്ടി സഖാക്കന്മാരോടുമെല്ലാം ഞങ്ങൾ വിശദമായി സംസാരിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതാണ്. മാവോയിസ്റ്റ് ഉപദ്രവം ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾ പലതവണ അവരോട് മാറി മാറി ചോദിച്ചു. സർക്കാർ ആനുകൂല്യങ്ങളെപ്പറ്റി വ്യക്തമായ ബോധവത്കരണമാണ് മാവോയിസ്റ്റുകൾ ആദിവാസികൾക്ക് നൽകിയിരുന്നത്. ആനുകൂല്യങ്ങൾ എന്തൊക്കെയാണ്, എങ്ങനെ നേടിയെടുക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിർദേശങ്ങൾ അവർ നൽകിയിരുന്നു. നിലവിലുള്ള സർക്കാരിനെപ്പറ്റിയും നല്ല അഭിപ്രായമാണ് അവർക്ക് ഉണ്ടായിരുന്നത്. പാർട്ടിക്കാരോട് സംസാരിക്കാനല്ല ഞങ്ങൾ അങ്ങോട്ടേക്ക് പോയത്. ആദിവാസികളോട് സംസാരിക്കാൻ വേണ്ടിയാണ്.

നിർദേശം അനുസരിച്ചാണോ എന്നറിയണം

മികച്ച അന്വേഷണം ആയതു കൊണ്ടല്ല മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് പറയുന്നത്. ഇവിടെ കുറ്റക്കാരെ പ്രഖ്യാപിക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും പൊലീസാണ്. അത്തരമൊരു സാഹചര്യത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വന്നേ പറ്റൂ. ഈ ഏറ്റുമുട്ടൽ സർക്കാരിന്റെ പ്രഖ്യാപിത നിർദേശം അനുസരിച്ചാണോ അല്ലയോ എന്നത് കണ്ടെത്തേണ്ടതുണ്ട്. ആശയപ്രചാരണം നടത്തുന്നവരെ കൊല്ലാൻ ഭരണഘടന അനുവാദം നൽകിയിട്ടില്ല. ജുഡീഷ്യൽ അന്വേഷണമാണ് കുറച്ചുകൂടി നല്ലത്. എന്നാൽ, കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ജഡ്ജിമാരെ വിട്ടുകിട്ടാൻ പ്രയാസമാണ്. അതുകൊണ്ടാണ് മജി‌സ്റ്റീരിയൽ അന്വേഷണം വേണമെന്ന നിലപാടിലേക്ക് പാർട്ടി എത്തിച്ചേർന്നത്.

എസ്.പി കമിഴ്ന്ന് കിടക്കാൻ പറഞ്ഞപ്പോൾ ചരിഞ്ഞ് കിടന്നു

മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങുന്ന തണ്ടർ ബോൾട്ടിനെ കൊണ്ടാണ് ആദിവാസികൾ ശല്യം അനുഭവിക്കുന്നത്. സാധനം വാങ്ങി വരുന്ന ആദിവാസികളെ അവർ പരിശോധിക്കും. സഞ്ചിയ്ക്കകത്ത് എന്തൊക്കെയാണെന്ന് തെരയും. സുഗന്ധവ്യഞ്ജനങ്ങൾ പറിക്കാൻ കാട്ടിൽ പോകുന്ന ആദിവാസികളെ അവർ തടയും. ഇത്തരത്തിൽ ആദിവാസികളുടെ ഉപജീവന മാർഗത്തിനുതന്നെ തണ്ടർബോൾട്ട് തടസമാണ്. അതുകൊണ്ട് അവരെ അവിടെ നിന്ന് പിൻവലിക്കണം. അട്ടപ്പാടിയിൽ ഏറ്റുമുട്ടൽ ഉണ്ടാകാനുളള ഒരു സാഹചര്യവും ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവർക്ക് തോന്നി അവരത് ചെയ്‌തു. അതാണ് ശരിക്കും നടന്നത്. പൊലീസ് പുറത്ത് വിട്ട ദൃശ്യങ്ങളെല്ലാം വ്യാജമാണ്. വെടിയൊച്ചയുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. ആരാണ് വെടിവയ്‌ക്കുന്നതെന്ന് അറിയാൻ സാധിക്കുന്നില്ല. എസ്.പി കമിഴ്ന്ന് കിടക്കാൻ വീഡിയോയിൽ പറയുമ്പോൾ അവർ ചരിഞ്ഞാണ് കിടക്കുന്നത്.