sss

നെയ്യാറ്റിൻകര : കനത്ത മഴ പെയ്താൽ നെയ്യാറ്റിൻകര നഗരസഭയിലെ പുല്ലാമല വാർഡിൽ താമസിക്കുന്നവർ വീടിനകത്ത് കുടുങ്ങിപ്പോകും. കാരണം പുറത്തേക്കിറങ്ങിയാൽ റോഡിലൂടെ നടന്നു പോകാൻ കഴിയില്ല. ഒരു തോടിന് സമാനമാണ് മഴക്കാലത്ത് ഈ റോഡിന്റെ അവസ്ഥ. കഴിഞ്ഞ വർഷം കോൺക്രീറ്റ് ചെയ്ത റോഡിനാണ് ഈ ദുരവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമ്മാണത്തിലെ അപാകത കാരണമാണ് മഴക്കാലത്ത് റോഡ് ഒന്നാകെ വെള്ളക്കെട്ടായി മാറുവാൻ കാരണമത്രേ. റോഡരികിൽ ഓട നിർമ്മിക്കാത്തതും മഴ വെള്ളം ഒഴുകിപ്പോകാതെ കെട്ടി നിൽക്കുവാൻ കാരണമാണ്. മഴ തോർന്ന് ആഴ്ചകൾ കഴിഞ്ഞാലും റോഡിലെ വെള്ളം വാർന്നു പോകുന്നില്ല. റോഡിൽ മലിനജലം കെട്ടിക്കടക്കുന്നത് കാരണം ഈ പ്രദേശത്തുകാർ പകർച്ചവ്യാധി ഭീഷണിയിലുമാണ്. ഇതു സംബന്ധിച്ച് നെയ്യാറ്റിൻകര നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.

മലിനജലം കെട്ടി നിൽക്കുന്ന നെയ്യാറ്റിൻകര - പുല്ലാമല റോഡ്