പാറശാല: പൊഴിയൂർ തീരദേശ മേഖലയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പൊഴിയൂരിൽ വിക്ടോറിയ കനാലിന് കുറുകെ നിർമ്മിച്ചിട്ടുള്ള പൊഴിയൂർ പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ പാലത്തെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. കേരളത്തിലെ വാഹനങ്ങൾക്ക് പുറമേ തമിഴ്നാട്ടിലെ വാഹനങ്ങളും ഇതിലൂടെ ദിനവും കടന്നുപോകുന്നുണ്ട്. മണ്ണൊലിപ്പും മണ്ണിടിച്ചിലും കാരണം തൂണുകൾ തകർന്നു. പാലത്തിലെ റോഡ് തകർന്ന് കമ്പികൾ ദ്രവിച്ച് വിള്ളലുകൾ സംഭവിച്ചു. ഇതോടെ മഴപെയ്താൽ ടാറിനിടയിലൂടെ വെള്ളം ഇറങ്ങി പാലം ചോർന്നൊലിക്കുകയാണ്. പാലത്തിന്റെ വീതിക്കുറവും ഒരു പരിധിവരെ യാത്രാക്ലേശത്തിന് കാരണമാകുന്നു. ഒരേ സമയം ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നാൽ ഏതെങ്കിലും ഒരുവാഹനം മറുവശത്തെ വാഹനം പോകുന്നതുവരെ കാത്ത്നിൽക്കേണ്ട അവസ്ഥയാണ്
സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ യാത്രചെയ്യുന്ന ഈ പാലത്തിലെ കൈവരികളും തകർന്ന് കിടക്കുകയാണ്. തീരപ്രദേശ മേഖലകളായ പരുത്തിയൂർ, തെക്കേ കൊല്ലങ്കോട്, പൊഴിയൂർ പൊഴിക്കര, തമിഴ്നാട് ഭാഗത്തെ പ്രദേശങ്ങളായ തൂത്തൂർ, നീരോടി, തേങ്ങാപട്ടണം, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ പാലത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്.
നിരവധി ജനങ്ങൾ ആശ്രയിക്കുന്ന പാലത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പല തവണ നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു വേണ്ടത്ര പരിഗണന ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പൊഴിയൂർ പാലം വീതികൂട്ടി പുനർ നിർമ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.