editorial-

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വീണ്ടും വിദ്യാർത്ഥി യൂണിയനുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാനുള്ള നിയമ നിർമ്മാണത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതിന് തൊട്ടടുത്ത ദിവസം തലസ്ഥാന ജില്ലയിൽപ്പെട്ട വിളവൂർക്കലിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾ സസ്പെൻഷനിലായ സംഭവം ഇത്തരത്തിലൊരു നിയമത്തിന്റെ പ്രസക്തി അടിവരയിട്ടുറപ്പിക്കുന്നു.

സസ്പെൻഷനിലായ മൂന്നു വിദ്യാർത്ഥികളും പ്ളസ് ടുവിനു പഠിക്കുന്നവരാണ്. ചിന്തിക്കാനും വിവേകപൂർവം പെരുമാറാനുമുള്ള മനോനിലയിലെത്തിയവരാണെന്നു ചുരുക്കം. കുറച്ചുദിവസമായി സംസ്ഥാനത്ത് ആളിക്കത്തിക്കൊണ്ടിരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ ദാരുണ മരണവും അതുമായി ബന്ധപ്പെട്ട നീതിനിഷേധവും സ്വാഭാവികമായും വിദ്യാർത്ഥികളുടെ മനസിനെയും മുറിവേല്പിച്ചിട്ടുണ്ടാകും. ഇത്തരം ദാരുണ സംഭവങ്ങൾ ഇക്കാലത്ത് ആരുടെ ദൃഷ്ടിയിൽ നിന്നും മൂടിവയ്ക്കാനാകില്ല. വാർത്താ വിസ്‌ഫോടനത്തിന്റെ കാലമാണിത്. സ്കൂൾ കുട്ടികൾ പോലും എല്ലാം അറിഞ്ഞാണ് വളരുന്നത്. ആ നിലയ്ക്ക് വാളയാറിൽ പെൺകുട്ടികൾക്കു സംഭവിച്ച ദുര്യോഗത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് വിളവൂർക്കൽ സ്കൂളിലെ ഏതാനും കുട്ടികൾ ക്ളാസ് മുറിയിൽ പോസ്റ്റർ പതിച്ചത് ആകാശം ഇടിഞ്ഞുവീഴുന്ന സംഭവമൊന്നുമല്ല. അനീതിക്കെതിരെ പ്രതിഷേധിക്കാൻ കുട്ടികൾക്കും അവകാശമുണ്ട്. ക്ളാസ് മുറിയിൽ പോസ്റ്റർ പതിക്കുന്നത് സ്കൂൾ മര്യാദകൾക്കും പെരുമാറ്റച്ചട്ടത്തിനും നിരക്കാത്ത നടപടിയായി കരുതാം. അത് നീക്കം ചെയ്യാൻ അതിനുത്തരവാദികളായ കുട്ടികളോട് ആവശ്യപ്പെടുകയുമാകാം. ഇത്തരം ചെയ്തികൾ ആവർത്തിക്കരുതെന്ന് താക്കീതും നൽകാം. അതിനപ്പുറം വലിയ പാതകമായി കരുതി രക്ഷാകർത്താക്കളെ വിളിച്ചുവരുത്തുകയും മാപ്പ് എഴുതി വാങ്ങുകയും എല്ലാം കഴിഞ്ഞ് മൂന്നു ദിവസത്തേക്ക് ക്ളാസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്ത നടപടി എന്ത് അച്ചടക്കത്തിന്റെ പേരിലായാലും കടന്ന കൈയായിപ്പോയി. വളരെ ചെറിയ ശിക്ഷ എന്നാണ് സ്കൂൾ പ്രിൻസിപ്പൽ ഈ നടപടിയെ വിശേഷിപ്പിച്ചത്.

വാളയാറിൽ പീഡനത്തിനിരയായി മരണപ്പെട്ട പിഞ്ചു സഹോദരിമാരുടെ ദുരന്തകഥ ഹൃദയമുള്ളവരെയെല്ലാം വേദനിപ്പിക്കും. പ്രതികളിലൊരാളെപ്പോലും ശിക്ഷിക്കാൻ നിയമപാലകർക്കു കഴിയാതെ പോയതിലുള്ള അമർഷവും പ്രതിഷേധവും കത്തിനിൽക്കുന്നതാണ് സ്കൂൾ മുറിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ. 'ചേർത്തു പിടിക്കേണ്ടവർ കയറി പിടിക്കുമ്പോൾ, നേരു കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ, വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ, മകളേ നിനക്കു നീ മാത്രം" എന്ന പോസ്റ്ററിലെ വാക്കുകൾ തീർച്ചയായും അനീതിക്കെതിരെ കുട്ടികളുടെ മനസിന്റെ അഗാധതയിൽ നിന്നുയർന്ന പ്രതിഷേധം തന്നെയാണ്. കുട്ടികൾ സ്കൂളുകളിൽ ചരിത്രവും ഭൂമിശാസ്ത്രവും കണക്കും ഫിസിക്സുമൊക്കെ മാത്രം പഠിച്ചാൽ മതിയെന്നും ചുറ്റും കാണുന്ന ഒന്നിനോടും പ്രതികരിക്കരുതെന്നും വിവേകമതികൾ പറയുകയില്ല. എല്ലാം കണ്ടും അറിഞ്ഞും പ്രതികരിച്ചും വളരേണ്ടവർ തന്നെയാണ് വിദ്യാർത്ഥി സമൂഹം. യുവത്വത്തിലേക്കു കാലൂന്നുന്ന പ്ളസ് ടു വിദ്യാർത്ഥികൾ എല്ലാറ്റിനോടും പ്രതികരിക്കുന്ന സ്വഭാവക്കാരാകും. വിലക്കുകൾ ലംഘിച്ചും അവർ ചിലപ്പോൾ തങ്ങളുടെ വികാരം പ്രകടിപ്പിച്ചെന്നിരിക്കും. അതു മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും അദ്ധ്യാപകർക്കും സ്കൂൾ മേധാവികൾക്കും ഉണ്ടാകണം. ശിക്ഷയുടെ വാളുമായി നിൽക്കുന്ന ഗുരുക്കന്മാർക്ക് കുട്ടികളെ നേരായ വഴിക്കു കൊണ്ടുപോകാനുള്ള വൈഭവം കൂടി വേണം. വാളയാർ സംഭവത്തിൽ തങ്ങളുടെ അമർഷം കലവറയില്ലാതെ പ്രകടിപ്പിക്കാൻ മുതിർന്ന കുട്ടികളുടെ മനസ് കാണാനുള്ള ഹൃദയവിശാലത ഗുരുജനങ്ങൾക്കില്ലാതെ പോയി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം വിലക്കിയതിനെ സമൂഹം സ്വാഗതം ചെയ്തത് യൂണിയൻ പ്രവർത്തനത്തിന്റെ മറവിൽ അരാജകത്വവും അക്രമവും വ്യാപകമായപ്പോഴാണ്. ഈ അവസരം സ്കൂൾ അധികൃതർ, പ്രത്യേകിച്ചും സ്വകാര്യ മാനേജ്‌മെന്റുകൾ തങ്ങളുടെ താത്‌പര്യസംരക്ഷണത്തിനുവേണ്ടിയാണ് പ്രയോജനപ്പെടുത്തിയത്. അനഭിലഷണീയമായ പലതും കാമ്പസുകളിൽ അരങ്ങേറുകയും ചെയ്തു. കാമ്പസ് രാഷ്ട്രീയത്തിനെതിരെ പടവാളെടുത്തവർ പോലും പിന്നീട് തങ്ങളുടെ നിലപാട് തെറ്റായിപ്പോയെന്ന് കുമ്പസരിക്കേണ്ടിവന്നു. കാമ്പസുകളെ സർഗാത്മകമാക്കിയിരുന്നത് വിദ്യാർത്ഥി യൂണിയനുകളായിരുന്നു. കക്ഷി രാഷ്ട്രീയത്തിനിടയിലും കുട്ടികളിലെ സർഗവാസനകൾക്കു പ്രോത്സാഹനം ലഭിച്ചിരുന്നു. അദ്ധ്യയനത്തോടൊപ്പം ചുറ്റുപാടും നടക്കുന്ന പല അനീതികൾക്കെതിരെ പോരാടാനുള്ള വേദികൾ കൂടിയായിരുന്നു യൂണിയനുകൾ. ജനാധിപത്യ വ്യവസ്ഥിതി പുലരുന്ന നാട്ടിൽ ഇതൊക്കെ ഒഴിച്ചുകൂടാനാവാത്ത ആവശ്യം തന്നെയാണ്. വിദ്യാർത്ഥികൾക്കു രാഷ്ട്രീയം നിഷിദ്ധമാണെന്ന് ഇന്നത്തെ കാലത്ത് ആരും പറയുകയില്ല. ആരോഗ്യകരമായ ആശയ പ്രചരണത്തിനും പൊതുപ്രവർത്തനത്തിനും അടിത്തറ സൃഷ്ടിക്കുന്നത് കലാലയങ്ങളിൽത്തന്നെയാണ്. അപഭ്രംശമുണ്ടാകുമ്പോഴാണ് സമൂഹം പുരികം ചുളിക്കുന്നത്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച വിദ്യാർത്ഥി യൂണിയൻ ബിൽ നിയമസഭ പാസാക്കുമ്പോൾ ആർക്കും ആശങ്ക ജനിക്കേണ്ട കാര്യമില്ല. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ ഏതു പരാതികൾക്കും പരിഹാരം കാണാനുള്ള വ്യവസ്ഥകളോടെയാകും നിയമം പ്രാബല്യത്തിൽ വരിക. സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താതിരിക്കാൻ വിദ്യാർത്ഥി യൂണിയനുകൾ പരമാവധി ശ്രദ്ധിക്കണം.