ഉള്ളൂർ: ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും മോഷ്ടാക്കളുടെ പിടിയിൽ. തീവ്ര പരിചരണ വിഭാഗങ്ങൾ, വാർഡുകൾ, ഒ.പി വിഭാഗം, അത്യാഹിത വിഭാഗം, ജൂനിയർ ഡോക്ടർമാരുടെ വിശ്രമ സ്ഥലം തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം. പിടിയിലാകുന്നവർ റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും ആശുപത്രി കേന്ദ്രീകരിച്ച് സജീവമാകും. മെഡിക്കൽ കോളേജ് വളപ്പിൽ നിന്നും വാഹന മോഷണവും തകൃതിയായി നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്ക് തടയിടാനായി വിവിധയിടങ്ങളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ട് ഏറെ നാളായെങ്കിലും നടപടിയെടുക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. അത്യാഹിത വിഭാഗം, തീവ്ര പരിചരണ വിഭാഗം, ഇടനാഴികൾ, പാർക്കിംഗ് യാർഡ്, ഗേറ്റുകൾ എന്നിവിടങ്ങളിൽ കാമറ സ്ഥാപിക്കാനായിരുന്നു നിർദ്ദേശം. സുരക്ഷാ പരിശോധന പാസ് ചെക്കിംഗിൽ മാത്രം ഒതുങ്ങുകയാണ്. എന്നാൽ എസ്.എ.ടി ആശുപത്രിയിൽ നിരീക്ഷണ കാമറ സ്ഥാപിച്ചതിന് ശേഷം മോഷണം കുറഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നാലും അഞ്ചും പേരടങ്ങുന്ന സംഘാംഗങ്ങളായാണ് മോഷ്‌ടാക്കൾ ആശുപത്രിയിലെത്തുന്നത്. പകൽ സമയം പാസെടുത്ത് അകത്ത് കയറിപ്പറ്റുന്ന ഇവർ പല വഴിക്ക് പിരിഞ്ഞ ശേഷം കിട്ടിയതുമായി കടക്കും. സ്ത്രീകളുടെ വാർഡുകളും മോഷണ വിമുക്തമല്ല. വനിതാ വാർഡുകളിൽ സ്ത്രീകളെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. മൊബൈൽ ഫോണുകളാണ് ഇവർക്ക് പ്രിയം. ചാർജ് ചെയ്യാൻ ഇട്ട ശേഷം ഒന്ന് ഇമ വെട്ടുന്നതിനിടെ ചാർജർ സഹിതം അപ്രത്യക്ഷമാകും. കൂട്ടിരിപ്പുകാരോട് ചങ്ങാത്തം കൂടി വിശ്വാസമാർജിച്ചശേഷം അവരുടെ ബാഗും വിലപ്പെട്ട സാധനങ്ങളുമായി സ്ഥലം വിടുന്നതാണ് രീതി. നിരവധി തവണ ഇത്തരം തട്ടിപ്പുകൾ അരങ്ങേറിയെങ്കിലും ചികിത്സാ രേഖ കൈവശം ഇല്ലാത്തവരെ കണ്ടെത്തി പുറത്താക്കുന്നതിൽ സുരക്ഷാ വിഭാഗം വരുത്തുന്ന വീഴ്ചയാണ് മോഷ്‌ടാക്കൾക്ക് അനുഗ്രഹമാകുന്നത്.