തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദർബാർ ഹാളിൽ ആദ്യമെത്തിയ വിശിഷ്ടാതിഥി ആരാണെന്നറിയമോ? വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയായ ശേഷം 1900ത്തിലാണ് എത്തിയത്. ആനയും അമ്പാരിയുമൊക്കെയായാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ദർബാർ ഹാളിനു പിന്നിൽ നിർമ്മിച്ച പന്തലിലായിരുന്നു അത്താഴവിരുന്ന്.
ഇത്തരത്തിൽ കൗതുകകരമായ നിരവധി ചരിത്രസംഭവങ്ങൾ സെക്രട്ടേറിയറ്റ് മന്ദിരവുമായി ബന്ധപ്പെട്ടുണ്ട്. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടേറിയറ്റ് സൗത്ത് സാൻവിച്ച് ബ്‌ളോക്കിന്റെ പാർക്കിംഗ് സ്ഥലത്ത് ഒരുക്കിയ ചരിത്രജാലകം എന്ന ഫോട്ടോപ്രദർശനത്തിൽ ഇത്തരം ചരിത്രവും അപൂർവ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശനം. കാഴ്ചക്കാരിൽ കൗതുകം തീർക്കുന്ന ചിത്രങ്ങൾ കാണാൻ നിരവധി പേർ എത്തുന്നുണ്ട്. നവംബർ ഏഴുവരെയാണ് പ്രദർശനം. പൊതുജനങ്ങൾക്ക് അഞ്ചു മണിക്കുശേഷം പ്രവേശനം അനുവദിക്കും.
സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ചരിത്രം, പഴയ നിയമസഭാ മന്ദിരം, കേരളത്തിലെ മുഖ്യമന്ത്രിമാർ, ആദ്യത്തെ മന്ത്രിസഭയും അംഗങ്ങളും, കേരളത്തിലെ രാഷ്ട്രപതി ഭരണം തുടങ്ങിയവ ചിത്രങ്ങളായും കുറിപ്പുകളായും പ്രദർശനത്തിലുണ്ട്. മുൻ മുഖ്യമന്ത്രിമാരുടെ സെക്രട്ടേറിയറ്റിലെ അപൂർവ ചിത്രങ്ങളും ഉൾപ്പെടെ നൂറോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.
സെക്രട്ടേറിയറ്റ് മന്ദിരം സ്ഥാപിതമായതുസംബന്ധിച്ച ചരിത്രവും പ്രതിപാദിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകൾ ഇതിന്റെ പണിയിലേർപ്പെട്ടു. ആവിയന്ത്രം ഉപയോഗിച്ചുള്ള നിർമ്മാണ രീതി കാണുന്നതിന് നഗരത്തിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും ആളുകളെത്തി. പല പ്രഗല്ഭവ്യക്തികളും നിർമ്മാണം കാണാൻ സന്ദർശകരായി. മദ്രാസ് ഗവർണർ നേപ്പിയർ പ്രഭുവും കൊച്ചി മഹാരാജാവുമെല്ലാം ഇതിൽ ചിലരാണ്. വൃത്താകൃതിയിലുള്ള വലിയ തൂണുകളും വലിയ വരാന്തയും വാതായനങ്ങളും ഉള്ള തൂവെള്ള നിറമാർന്ന മന്ദിരം നഗരത്തിന് കൗതുകക്കാഴ്ചയായി മാറി. 70 അടി നീളവും 40 അടി വീതിയും 38 അടി പൊക്കവുമുള്ള ദർബാർ ഹാളും, ചതുർമുഖമുള്ള മണിമേടയും മന്ദിരത്തിന്റെ മോടി കൂട്ടി.
സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഹജൂർ കച്ചേരിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സ്വാതിതിരുനാളിന്റെ കാലത്താണ് ഹജൂർ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരം കോട്ടയ്ക്കകം തെക്കേ തെരുവിൽ ഇപ്പോൾ ട്രഷറി പ്രവർത്തിക്കുന്ന ഭാഗത്തേക്ക് മാറ്റിയത്. എന്നാൽ ക്ഷേത്രപരിസരത്ത് ചില വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നതിനാൽ ഇവർക്ക് ഹജൂർ കച്ചേരിയിൽ എത്താനാവാത്തത് മദ്രാസ് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് കച്ചേരി പൊതുസ്ഥലത്ത് തുടങ്ങണമെന്ന് മദ്രാസ് സർക്കാർ നിർദേശിച്ചു. ഇതോടെ ഇപ്പോഴത്തെ പങ്കജ് ഹോട്ടലിന് എതിർവശത്തായി ചെറിയൊരു കച്ചേരി പണിഞ്ഞു. ഇതിനെ ആനക്കച്ചേരി എന്നാണ് വിളിച്ചിരുന്നത്. തിരുവിതാംകൂറിന്റെ ചിഹ്നമായ വലിയ ശംഖും അതിന് ഇരുവശത്തായി വലിയരണ്ട് ആനകളും ഉള്ള ചിത്രം ചുമരിലുണ്ടായിരുന്നതിനാലാണ് അങ്ങനെ വിളിച്ചത്. ഇപ്പോഴത്തെ എസ്.ബി.ഐ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അത്. അന്ന് ഈ ഭാഗം 'പുത്തൻചന്ത ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എസ്.ബി.ടിയുടെ പഴയ കെട്ടിടത്തിന്റെ ചിത്രവുമുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പഴയ സെക്രട്ടേറിയറ്റ് മന്ദിരം, പഴയ നിയമസഭാ മന്ദിരം തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.