വക്കം: കായിക്കര ഒന്നാം പാലത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സോളാർ ഹൈ മാറ്റ്സ് ലൈറ്റ് അപകടാവസ്ഥയിൽ. ഒന്നാം പാലത്തിന്റെ തുടക്കത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും സോളാർ പാനലും, അനുബന്ധ ഉപകരണങ്ങളുമാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്.
കടലിനോട് ചേർന്ന പ്രദേശമായതിനാൽ ഹൈമാസ്റ്റ് ലൈറ്റിനും, സോളാർ പാനൽ ഫിറ്റ് ചെയ്തിരുന്ന ഇരുമ്പ് ഫ്രൈ മിനും വൻതോതിൽ നാശമുണ്ടായി. സോളാർ പാനൽ ഒരോന്നായി ചരിഞ്ഞും ,പിന്നെ നിലത്ത് വീണും തുടങ്ങി. ഇരുമ്പ് പൈപ്പുകൾ പെയിന്റ് ചെയ്യാതിരുന്നതാണ് പെട്ടെന്ന് തുരുമ്പ് കയറി നശിക്കാനിടയായത്. ആറ് സോളാർ പാനൽ സംവിധാനത്തിൽ നിന്ന് ഒരു പാനൽ ഇതിനിടെ മോഷണം പോവുകയും ചെയ്തു. ഇതിനെതിരെ ആരും പരാതി നൽകിയിട്ടുമില്ല. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ നിലത്ത് കിടന്ന് നശിച്ചിട്ടും ഇതു വരെ ആരും തിരിഞ്ഞു പോലും നോക്കിയിയില്ലെന്ന് ആക്ഷേപമുണ്ട്. ബാക്കിയുള്ളവ മോഷണം പോകാതിരിക്കാൻ അത് സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ സോളാർ പാനലിന്റെ രണ്ട് എണ്ണം ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്.
ഹൈമാസ്റ്റ് ലൈറ്റുകളും ഊരി വീണ് തുടങ്ങി. ഇനി ഒരെണ്ണം കൂടി വീഴാനുണ്ട്. ഗ്രാമ പഞ്ചായത്ത് കരാറുകാരുമായി ഉണ്ടാക്കിയ ധാരണ എന്തൊണന്ന് പോലും ആർക്കും നിശ്ചയമില്ല.കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് എടുത്ത തീരുമാനം ഈ ഭരണ സമിതി നടപ്പിലാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇത് എന്ത് ചെയ്യണമെന്ന് ആശയക്കുഴപ്പത്തിലാണ് ഗ്രാമപഞ്ചായത്ത്.