doctor

കിളിമാനൂർ: നൂറ് കണക്കിന് രോഗികൾക്ക് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശനം നൽകി സാന്ത്വന ചികിത്സ നൽകിയ ഡോക്ടർ കെ.എൻ. രാമൻ നായർ വീണ്ടും ശ്രദ്ധേയനാകുന്നു. ഒരു കുടുംബനാഥയ്ക്ക് സൗജന്യ സാന്ത്വന ചികിത്സ നൽകിയതോടൊപ്പം ഈ നിർദ്ധന കുടുംബത്തിന്റെ വീട് പൂർത്തിയാക്കുന്നതിനും കട ബാധ്യതകൾ സ്വയം ഏറ്റെടുത്ത് വിട്ടുന്നതിനും കാണിച്ച മാനുഷിക മുഖമാണ് ഡോക്ടറെ വീണ്ടും ജന ശ്രദ്ധ ആകർഷിച്ചത്. സ്വന്തമായി വസ്തുവും അതിലൊരു വീടും ഏവരുടെയും സ്വപ്നമാണ്. എന്നാൽ കൂലിപ്പണിക്കാരനായ കൊടുവഴന്നൂർ മൂലയിൽ കോണം അർച്ചന നിവാസിൽ സെൽവരാജിനും ( 64 )ഭാര്യ ജയ ലക്ഷ്മിക്കും (54) ഇത് സ്വപ്നത്തിനും അപ്പുറമായിരുന്നു.

വർഷങ്ങൾക്കു മുൻപ് പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ നിന്നും വസ്തുവും വീടും പദ്ധതി പ്രകാരം വസ്തു ലഭിക്കുകയും വീട് വയ്ക്കാനുള്ള പണം അനുവദിക്കുകയും ചെയ്തു. വാടകയ്ക്കു താമസിച്ചു കൊണ്ടിരുന്ന ഇവർ വീട് പണി പൂർത്തിയാക്കാൻ പണം തികയാത്തതിനാൽ മഹീന്ദ്ര ഫൈനാൻസിൽ നിന്നും ഒരു ലക്ഷം രൂപ ലോണെടുത്തു. ഇതിനിടയിൽ ജോലി കഴിഞ്ഞു വന്ന സെൽവരാജ് (64) കാൽവഴുതി വീണ് ഇടുപ്പെല്ലും തുടയെല്ലും പൊട്ടി കിടപ്പിലായി. വീടു പണി പൂർത്തിയായില്ല. സെൽവരാജിന് വാക്കറിന്റെ സഹായമില്ലാതെ നടക്കാനും കഴിയില്ല. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ വരുമാനം നിലച്ചു. ലോൺ തിരിച്ചടവ് മുടങ്ങി. വാടക നൽകാനില്ലാത്തതിനാൽ ഗത്യന്തരമില്ലാതെ പണി പൂർത്തിയാകാത്ത വീട്ടിലേക്ക് താമസം മാറ്റി .ഇതിനിടെ ഇരുവരുടെയും തുടർ ചികിത്സയും മുടങ്ങി. അതിനിടെ അസുഖം മൂർച്ഛിച്ച ജയലക്ഷ്മിയെ തുടർ ചികിത്സയ്ക്കായി ശ്രീഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഡോക്ടർ രാമൻ നായർ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞു.ജയലക്ഷ്മിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി. സെൽവരാജിന്റെ ചികിത്സയ്ക്കും സഹായം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ കുടുംബത്തിന് ബാദ്ധ്യതയായി തുടരുന്ന ലോൺ തുക മുഴുവനും ഏറ്റെടുക്കുകയും ചെയ്തു. ജപ്തിയിലേക്ക് പോകേണ്ടിയിരുന്ന ഈ കുടുംബം ഇപ്പോൾ ഡോകടർ കെ.എൻ.രാമൻ നായരിൽ ദൈവത്തിന്റെ മുഖമാണ് കാണുന്നത്.