chennithala

തിരുവനന്തപുരം: ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിന്റെ നവീകരണമടക്കം നിയമസഭാ മന്ദിരത്തിലും എം.എൽ.എ ഹോസ്റ്റലിലുമായി നടന്നുവരുന്ന കോടികളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പ്രതിപക്ഷനേതാവ് ഉൾപ്പെട്ട ഉന്നതതല സമിതിയെ അറിയിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നൽകി.

1200 പേർക്ക് പങ്കെടുക്കാനാകുമായിരുന്ന മെമ്പേഴ്സ് ലോഞ്ചിൽ പുനരുദ്ധാരണപ്രവൃത്തികൾ പൂർത്തിയാകുമ്പോൾ 625 പേർക്ക് മാത്രമുള്ള സംവിധാനമായി ചുരുങ്ങുമെന്നാണറിയുന്നത്. എം.എൽ.എ ഹോസ്റ്റലിലും പുനരുദ്ധാരണപ്രവൃത്തികൾ നടന്നുവരുന്നു. നിയമസഭയെ കടലാസ് രഹിതമാക്കുന്ന ഇ-സഭയുടെയും സഭാ ടി.വിയുടെയും പ്രവർത്തനവും ഇതിനകം ആരംഭിച്ചതായി മനസിലാക്കുന്നു. ഇത്തരത്തിലുള്ള വൻകിട പ്രവൃത്തികൾ ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷകക്ഷികളെ കൂടി വിശ്വാസത്തിലെടുക്കുമായിരുന്നു മുൻകാലങ്ങളിൽ. കക്ഷിനേതാക്കളുടെ യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു. നിയമസഭാ കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയായിട്ടും അതിന് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച പ്രതിപക്ഷനേതാവ് ഉൾപ്പെട്ട ഉന്നതതല സമിതി തുടർന്നുവരികയായിരുന്നു. എന്നാൽ ഇപ്പോൾ നടന്നുവരുന്ന വൻകിട നിർമ്മാണങ്ങളെപ്പറ്റി ഒരറിവും പ്രതിപക്ഷ കക്ഷിനേതാവ് എന്ന നിലയിൽ തനിക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.