march

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ കൊലപാതക കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലന്റെ വസതിയിലേക്ക് പട്ടികജാതി മോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പട്ടികജാതി മോർച്ച പ്രവർത്തകർ ഇന്നലെ രാവിലെ കരിങ്കോടികളുമായി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ മാർച്ച് സംഘർഷഭരിതമായി. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞുപോകാൻ തയ്യാറാകാതെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. പട്ടികജാതിമോർച്ച സംസ്ഥാന സെക്രട്ടറി സ്വപ്നജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പാറയിൽ മോഹനൻ, വിളപ്പിൽ സന്തോഷ്, ജില്ലാ സെക്രട്ടറി പുഞ്ചക്കരി രതീഷ്, ജില്ലാ ഭാരവാഹികളായ വക്കം സുനിൽ, വർക്കല ശ്രീനി, രാജാജി നഗർ മനു, മനോജ് എന്നിവർ സംസാരിച്ചു.