ration-report
ration report

 കരട് റിപ്പോർട്ട് ഇംഗ്ളീഷിൽ,​ വലഞ്ഞ് വ്യാപാരികൾ

തിരുവനന്തപുരം: 42 പേജുള്ളൊരു ഇംഗ്ളീഷ് റിപ്പോർട്ടിനു മുന്നിൽ തല പുകയ്ക്കുകയാണ് റേഷൻ വ്യാപാരികളിൽ ഒട്ടുമുക്കാലും. വായിച്ചിട്ട് ഒട്ടൊന്നും പിടികിട്ടുന്നില്ല. കടയിൽ ആളൊഴിയുന്ന നേരത്ത് ഡിക്‌ഷ്‌ണറിയിൽ അർത്ഥം തപ്പുകയാണ് ചിലർ. 1966ലെ കേരള റേഷനിംഗ് ഓർഡർ പരിഷ്കരിച്ചുള്ള കരട് ബില്ലാണ് സാധനം. വായിച്ച് പഠിച്ച് രണ്ടാഴ്ചയ്ക്കകം ആക്ഷേപമോ നിർദ്ദേശമോ സമർപ്പിക്കാനാണ് നിർദ്ദേശം. പൊതുജനത്തിനും ആക്ഷേപം സമർപ്പിക്കാം. റേഷനിംഗ് സമ്പ്രദായത്തിൽ അടിമുടി പരിഷ്കാരമാണ് ബിൽ നിർദ്ദേശിക്കുന്നത്.

റേഷൻ വ്യാപാരികളിൽ നല്ലൊരു പങ്കും സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവരാണ്. ഇംഗ്ളീഷിൽ പ്രാഗല്ഭ്യമില്ലാത്തവർ. അവരുടെ കൈയിലാണ് ഇംഗ്ളീഷിൽ തയ്യാറാക്കി സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് കരടിന്റെ പ്രിന്റ് ഔട്ട് എടുത്ത് പിടിപ്പിച്ചു കൊടുത്തത്!

റിപ്പോർട്ടിൽ എന്താണ് പറയുന്നതറിയാൻ ചിലർ സംഘടനാ നേതൃത്വവുമായി ബന്ധപ്പെട്ടു. നിർദേശങ്ങളിലധികവും തങ്ങൾക്ക് ദോഷം ചെയ്തേക്കുമെന്ന മറുപടിയാണ് കിട്ടിയത്. റിപ്പോർട്ടിനെതിരെ സമരത്തിനിറങ്ങാൻ ഭരണപക്ഷ അനുകൂല സംഘടകളുൾപ്പെടെ തീരുമാനിച്ചിരിക്കുകയാണ്.

ഭരണഭാഷ മലയാളമാക്കിയ ശേഷം സർക്കാർ നോട്ടീസും വിജ്ഞാപനവുമൊക്കെ മലയാളത്തിൽ പുറത്തിറക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. പക്ഷേ, നിർണായകമായ ഭേദഗതി കരട് റിപ്പോർട്ട് ഇംഗ്ലീഷിൽ മാത്രമേയുള്ളൂ.

പ്രധാന നിർദ്ദേശങ്ങൾ

 റേഷനിംഗ് ഉദ്യോഗസ്ഥർ കടകളിൽ പരിശോധന കർശനമാക്കണം. ക്രമക്കേട് കണ്ടാൽ ലൈസൻസ് റദ്ദാക്കണം

 പത്താംക്ലാസ് പാസാകാത്തവർക്ക് ലൈസൻസ് അനുവദിക്കരുത്. പ്രവർത്തന സമയം പകൽ ഒരു മണിക്കൂർ നീട്ടണം

 സ്വയംസഹായ സംഘങ്ങൾ, വനിതാ സംഘങ്ങൾ, പഞ്ചായത്തുകൾ, സഹ. സൊസൈറ്റികൾ എന്നിവയ്ക്കും ലൈസൻസ് നൽകണം

 ശാരീരിക, മാനസിക ആരോഗ്യമില്ലാത്തവരെ പരിഗണിക്കരുത്. പട്ടികജാതി വർഗ വിഭാഗങ്ങൾക്കുള്ള സംവരണം തുടരണം

 അവശ്യസാധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവരെ ഒഴിവാക്കണം. തൊഴിൽ രഹിതർക്കും വിമുക്തഭടന്മന്മാർക്കും മുൻഗണന

 ലൈസൻസ് കൈമാറുന്നത് തടയണം. 21 വയസ് തികഞ്ഞാലേ ലൈസൻസ് അനുവദിക്കാവൂ. 60 തികഞ്ഞവർക്ക് കൊടുക്കരുത്

വ്യാപാരികൾ പറയുന്ന

ബുദ്ധിമുട്ടുകൾ

1. റേഷൻ സാധനങ്ങൾ കൃത്യ അളവിൽ ഇപ്പോൾ കിട്ടുന്നില്ല. പുതിയ നിയമം വന്നാൽ അളവു കുറയുന്നതിന്റെ പേരിൽ വ്യാപാരി ശിക്ഷിക്കപ്പെടും.

2. ഇ-പോസ് മെഷീൻ വന്ന ശേഷം വില്പന വിവരങ്ങൾ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. എന്നിട്ടും രജിസ്റ്റർ സൂക്ഷിക്കണമെന്നു പറയുന്നു.

3. ഒരാൾക്ക് ഏതു റേഷൻ കടയിൽ നിന്നും ഇപ്പോൾ റേഷൻ വാങ്ങാം. ഗുണഭോക്താക്കളുടെ പേര് പ്രദർശിപ്പിക്കുന്നത് അതിനാൽ പ്രായോഗികമല്ല.